കര്‍ണ്ണാടക വിജയത്തിന് പിന്നില്‍ കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരും

Tuesday 15 May 2018 8:38 pm IST

 

 

മംഗ്‌ളുരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരും. കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജില്ലയിലെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും സ്വമനസാലെ കര്‍ണ്ണാടകയിലെ ബിജെപിയുടെ വിജയത്തിനായ് അരയും തലയും മുറുക്കി യാത്ര തിരിക്കുകയായിരുന്നു. 

മംഗ്‌ളുരു സൗത്ത്, നോര്‍ത്ത്, ഉള്ളാള്‍, മൂഡുബിദ്രി, ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ എന്നി മണ്ഡലങ്ങളില്‍ സുള്ള്യ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനായത്. എന്നാല്‍ ഇത്തവണ ഉള്ളാള്‍ ഒഴികെ എല്ലാ മണ്ഡലും ബിജെപിക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ജില്ലയുടെ ജില്ലാ മണ്ഡലം ചുമതല വഹിക്കുന്നവരും സാധാരണ പ്രവര്‍ത്തകരടക്കം നൂറില്‍പ്പരം പ്രവര്‍ത്തകരാണ് കര്‍ണ്ണാടകയിലെ വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തന വിജയം കാഴ്ച വെച്ചത്. സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാറിന് ബെല്‍ത്തങ്ങടി നിയോജക മണ്ഡലത്തിലായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാത്രം വിജയിച്ച മണ്ഡലമായിരുന്നു ബല്‍ത്തങ്ങടി. കോണ്‍ഗ്രസ് നടത്തിയിരുന്ന ഗുണ്ടായിസ രാഷ്ട്രീയമായിരുന്നു ജനങ്ങള്‍ ആ മണ്ഡലത്തില്‍ അനുഭവിച്ചിരുന്നത്. ഇതില്‍ നിന്ന് മുക്തിനേടാന്‍ ഭാരതീയ ജനതാ പാര്‍ട്ടി മാത്രമാണെന്ന ജനങ്ങളുടെ തിരിച്ചറിവും രവീശ തന്ത്രിയുടെ ചിട്ടയായ പ്രവര്‍ത്തന മികവും തെളിയിക്കപ്പെട്ടതായിരുന്നു ഈ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ ഹരീഷ് പൂഞ്ചയുടെ വിജയം. 

പുത്തൂര്‍ മണ്ഡലത്തിലെ വിജയത്തിന് പിന്നില്‍ സംസ്ഥാന സമിതിയംഗം പി.സുരേഷ് കുമാര്‍ ഷെട്ടിക്കായിരുന്നു. സുള്ള്യ മണ്ഡലത്തിന്റെ എസ്.അംഗാര തുടര്‍ച്ചയായി വിജയത്തിന് വേണ്ടി കര്‍മ്മനിരതനായത് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡയായിരുന്നു. ബണ്ട്വാള മണ്ഡലത്തിലെ രാജേഷ് നായക്കിന്റെ വിജയത്തിന് പിന്നില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുമിത്ത് രാജ് പെര്‍ളയായിരുന്നു. സംസ്ഥാന സമിതിയംഗം ബാലകൃഷ്ണഷെട്ടിക്കായിരുന്നു മൂഡിബിദ്രിയുടെ ചുമതല. ഇവിടെ നിന്നും ഉമനാഥ് കൊട്ടിയാന്‍ വിജയിച്ചു. നിരവധി സേവന പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന മംഗ്‌ളുരു സൗത്ത് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വേദവ്യാസ കമ്മത്തിന്റെ വിജയത്തിന് പിന്നില്‍ യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍കണ്‍വീനര്‍ വിജയറായ്ക്കായിരുന്നു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രഭണ്ഡാരിക്കായിരുന്നു മംഗളുരു നോര്‍ത്ത് മണ്ഡലത്തിന്റെ പ്രവര്‍ത്തനം. ഭരത് ഷെട്ടി ഇവിടെ വിജയം കൊയ്തു. മംഗ്ലുരു ഉള്ളാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല ഹരിചന്ദ്ര മഞ്ചേശ്വരത്തിനായിരുന്നു. മികച്ച പ്രവര്‍ത്തനമായിരുന്നു അവിടെ കാഴ്ചവെച്ചത്. ബാഗളൂര്‍ കെ.ആര്‍.പുരത്ത് മലയാളികളെ കേന്ദ്രീകരിച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്റെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.സുരേഷ്, മോഹനന്‍, അര്‍ജുന്‍, പ്രസന്നന്‍, ബിജു, അനീഷ്, ജയേഷ്, പ്രദീപ് തുടങ്ങിയ നിരവധി പ്രവര്‍ത്തകരാണ് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നായി ബാഗ്ലൂരില്‍ എത്തിയത്. എസ്‌സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, ജനറല്‍ സെക്രട്ടറി സമ്പത്ത്, വൈസ് പ്രസിഡന്റ് നാരായണ നായക്, മുന്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മാസ്റ്റര്‍, അവിന്‍ മധൂര്‍ എന്നിവര്‍ക്ക് ഷിമോഗ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായിരുന്നു പ്രവര്‍ത്തനം. ഏഴില്‍ ആറ് മണ്ഡലത്തിലും ബിജെപി വിജയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.