വയല്‍ക്കിളികളോട് വിട്ടുവീഴ്ച : ജില്ലാ സെക്രട്ടറിയുടെ നടപടിക്കെതിരെ സിപിഎമ്മിനകത്ത് പ്രതിഷേധം : രാജി ഭീഷണിയുമായി മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍

Tuesday 15 May 2018 8:39 pm IST

 

കണ്ണൂര്‍: ബൈപ്പാസിനെതിരെ സമരം ചെയ്യുകയും സിപിഎം നേതൃത്വത്തെ പരസ്യ വെല്ലുവിളിക്കുകയും ചെയ്ത വയല്‍ക്കിളികളോട് മൃദു സമീപനം കൈക്കൊളളാനുളള സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടിക്കെതിരെ സിപിഎമ്മിനകത്ത് പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ കീഴാറ്റൂരിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി ഭീഷണിയുമായി രംഗത്തെത്തി. സിപിഎമ്മിന്റെ പ്രാദേശിക-ജില്ലാ നേതൃത്വങ്ങളെ വെല്ലുവിളിച്ച് മാസങ്ങളായി സമരം നടത്തുകയും മറ്റ് രാഷ്ട്രീയ സംഘടനകളുമൊന്നിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയും ചെയ്തവരോട് വിട്ടുവീഴ്ച ചെയ്യേണ്ട ആവശ്യം എന്ത് എന്ന ചോദ്യമാണ് പാര്‍ട്ടി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉയര്‍ത്തിയിരിക്കുന്നത്. മാത്രമല്ല സമരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും സമരവുമായി മുന്നോട്ടുപോയ വയല്‍ക്കിളികളുടെ ഭാഗമായ 11 പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇവരുള്‍പ്പെടുന്ന വയല്‍ക്കിളികളോട് മൃദുസമീപനം സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പാര്‍ട്ടി സഖാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

സാമൂഹ്യ മാധ്യമങ്ങളിലടക്കം വയല്‍ക്കിളികള്‍ക്കെതിരായ പാര്‍ട്ടി സഖാക്കളുടെ പ്രചാരണവും വെല്ലുവിളികളും അവസാനിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. വയല്‍ക്കിളി സമര നേതാവടക്കമുളളവരുമായി ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മൃദുസമീപനം സ്വീകരിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസംവരെ പാര്‍ട്ടിയെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവര്‍ത്തിച്ച മുന്‍ പാര്‍ട്ടി സഖാക്കളായ വയല്‍ക്കിളികളോട് എന്തിനാണ് വിട്ടുവീഴ്ച എന്ന ചോദ്യവുമായാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം രാജി സന്നദ്ധത ഏരിയാ നേതൃത്വത്തെ അറിയിച്ചത്. സ്ഥാനം രാജിവെയ്ക്കുകയാണെന്നും വലയല്‍ക്കിളികളെ കൂട്ടി സംഘടനാ പ്രവര്‍ത്തനം നടത്തുകയാണെന്നും ഏരിയാ സെക്രട്ടറിയെ അറിയിച്ചതായും അറിയുന്നു.

ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ ആദ്യം എതിര്‍ക്കുകയും പിന്നീട് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടെ വയല്‍ക്കിളിയെന്ന പേരില്‍ സമരം ആരംഭിക്കുകയായിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ പാര്‍ട്ടി ജില്ലാ നേതൃത്വം ബൈപ്പാസ് പ്രശ്‌നത്തില്‍ ഒറ്റപ്പെട്ടതോടെയാണ് ഇപ്പോള്‍ മൃദു സമീപനവുമായി രംഗത്തെത്തിയത്. മാത്രമല്ല വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ബൈപ്പാസ് അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് ലോംങ് മാര്‍ച്ച് നടത്താനും തിരുമാനമെടുത്തിരുന്നു. കര്‍ഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നാല്‍ അത് ദേശീയതലത്തില്‍ത്തന്നെ പാര്‍ട്ടിക്കും സംസ്ഥാന ഭരണത്തിനും മോശമായി ഭവിക്കുമെന്ന തിരിച്ചറിവു കൂടിയാണ് വയല്‍ക്കിളികളോട് സമവായത്തിലെത്താന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ നേതൃത്വത്തിന്റെ ഈ നിലപാടും കീഴാറ്റൂര്‍ മേഖലയിലെ പാര്‍ട്ടിക്കുളളില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിന് ഇത് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.