സമരം ലക്ഷ്യത്തിലെത്തിക്കാന്‍ആരുമായും ചര്‍ച്ച നടത്തും : സുരേഷ് കീഴാറ്റൂര്‍

Tuesday 15 May 2018 8:40 pm IST

 

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെയുള്ള സമരത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ ആരുമായും വയല്‍ക്കിളികള്‍ ചര്‍ച്ച നടത്തുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സമരത്തെ ലക്ഷ്യത്തിലെത്തിക്കുകയാണ് പ്രധാന കടമ. ഞങ്ങള്‍ ആരുടെയും കുടക്കീഴിലോ തണലിലോ അല്ല. ഐക്യദാര്‍ഢ്യ സമിതിയുമായി വയല്‍ക്കിളികള്‍ക്ക് യാതൊരു അഭിപ്രായ ഭിന്നതയുമില്ല. ലോങ്ങ് മാര്‍ച്ച് മാറ്റിവെച്ചത് ആരും ആവശ്യപ്പെട്ടതനുസരിച്ചല്ല.   മഴക്കാലവും എല്ലാ ജില്ലകളിലും സംഘാടകസമിതി രീപീകരിക്കാനുള്ള കാലതാമസവും പരിഗണിച്ചാണ് സപ്തംബര്‍ അവസാനവാരം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. വയല്‍ക്കിളിക്ക് രാഷ്ട്രീയമില്ല. പ്രാദേശികമായ വിഷയത്തെ അടിസ്ഥാനമാക്കി രൂപംകൊണ്ട സംഘടനയാണ്. 

കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച വനം-പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ.  അതിനിടയില്‍ മെയ് 30 നുള്ളില്‍ അലൈന്‍മെന്റ് പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു. ഈ സാഹചര്യത്തില്‍ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് വയല്‍ക്കിളികള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നമ്പ്രാടത്ത് ജാനകി, സി.മനോഹരന്‍ എന്നിവരും സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.