നാടോടി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയിലായി

Tuesday 15 May 2018 8:41 pm IST

 

പയ്യന്നൂര്‍: നാടോടി ബാലികയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുവയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം മുങ്ങിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ പി.ടി.ബേബിരാജ് (32)നെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പോലീസ് സംഘം പിടികൂടിയത്. എസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ എം.പി.അസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

സംഭവത്തിന് ശേഷം ബംഗളുരുവിലേക്ക് കടന്ന ഇയാള്‍ വാഹനങ്ങള്‍ മാറിമാറിയുള്ള യാത്രയിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വെളുപ്പിന് ഇയാള്‍ കണ്ണൂരില്‍ പിടിയിലായത്. ബംഗളൂരുവില്‍ കഴിഞ്ഞിരുന്ന ബേബി രാജ് സേലത്തെത്തിയ ശേഷം അമ്മയെ വിളിച്ചിരുന്നു. ബേബിരാജിന്റെ നീക്കങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചിരുന്ന സൈബര്‍ സെല്ലിലെ വിദഗ്ധര്‍ക്ക് അമ്മ കണ്ണൂരാണ് ഉള്ളതെന്ന് മനസ്സിലായതോടെ പോലീസ് ശ്രദ്ധ കണ്ണൂരിലായി. മംഗലാപുരത്തേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയ ഇയാളെ സമര്‍ത്ഥമായി പിടികൂടി രാവിലെ തന്നെ പയ്യന്നൂരിലെത്തിക്കുകയായിരുന്നു. 

പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ 9ന് പുലര്‍ച്ചെ 1.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂര്‍ സ്റ്റേഡിയം ഗ്രൗണ്ടിലെ വാഹന പാര്‍ക്കിന് തയ്യാറാക്കിയ ഷെഡില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാടോടി ബാലികയെ പ്രതി വായപൊത്തിപ്പിടിച്ച് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് കേസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.