തട്ടുകടക്കാരനെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Tuesday 15 May 2018 8:42 pm IST

 

ആലക്കോട്: തട്ടുകട തകര്‍ക്കുകയും ജീവനക്കാരെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുഴല്‍ക്കിണര്‍ ലോറിക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതായി ആരോപിച്ച് വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകട അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ആലക്കോട് കുട്ടാപറമ്പിലെ  പൂക്കാട്ട് തടത്തില്‍ സന്തോഷ് ആന്റണി (42), തടത്തില്‍ ജോഷി സെബാസ്റ്റ്യന്‍ (49) എന്നിവരാണ് അസ്റ്റിലായത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30ഓടെ തളിപ്പറമ്പ്-കൂര്‍ഗ് റോഡില്‍ തെറ്റുന്ന റോഡിന് സമീപം തട്ടുകട നടത്തുന്ന താഴെ ഇടക്കോത്തെ വാഴവളപ്പില്‍ നൗഷാദിന്റെ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയാണ് അടിച്ചുതകര്‍ത്തത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ നൗഷാദ് ജീവനക്കാരായ നിസാര്‍, ഫസല്‍, സജേഷ് എന്നിവരെ സാരമായ പരിക്കുകളോടെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലക്കോടേക്ക് പോകുകയായിരുന്ന കുഴല്‍ക്കിണര്‍വാഹനത്തിന് കടന്നുപോകാന്‍ കഴിയാതെ തട്ടുകടക്കാര്‍ റോഡില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചായിരുന്നു അക്രമണം. സംഭവമറിഞ്ഞ് ചപ്പാരപ്പടവിലും പരിസരങ്ങളിലും നിന്ന് നിരവധിപേര്‍ സംഘടിച്ചെത്തിയത് ഏറെ നേരം സംഘര്‍ഷാവസ്ഥക്ക് കാരണമായി. 

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. തളിപ്പറമ്പ്-കൂര്‍ഗ് റോഡില്‍ പലസ്ഥലങ്ങളിലും വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പതിവാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.