'കഴിവ്' തെളിയിച്ച് വീണ്ടും രാഹുല്‍

Wednesday 16 May 2018 2:12 am IST
രാഹുലിന്റെ 38 റാലികളാണ് കര്‍ണാടകയില്‍ നടന്നത്. ഇതിന് പുറമെ എണ്ണമറ്റ റോഡ്‌ഷോകളും. നിരവധി ക്ഷേത്രങ്ങളും മഠങ്ങളും പള്ളികളും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പോയിടത്തൊക്കെ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. കോണ്‍ഗ്രസ് മുന്നിലെത്തിയാല്‍ രാഹുലിന്റെ വിജയമായി ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു പാര്‍ട്ടി.

ന്യൂദല്‍ഹി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ 'വെളിപ്പെടുത്തി'യത് മാധ്യമശ്രദ്ധ നേടിയിരുന്നു. നരേന്ദ്ര മോദിക്ക് തന്നെ ഭയമാണെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ എതിരാളി താന്‍ തന്നെയാണെന്ന് സ്വയം അവകാശപ്പെട്ടും ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിച്ചും കൊണ്ടിരിക്കെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. രാഷ്ട്രീയത്തില്‍ 'അമൂല്‍ ബേബി' മാത്രമാണ് രാഹുലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

രാഹുലിന്റെ 38 റാലികളാണ് കര്‍ണാടകയില്‍ നടന്നത്. ഇതിന് പുറമെ എണ്ണമറ്റ റോഡ്‌ഷോകളും. നിരവധി ക്ഷേത്രങ്ങളും മഠങ്ങളും പള്ളികളും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പോയിടത്തൊക്കെ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. കോണ്‍ഗ്രസ് മുന്നിലെത്തിയാല്‍ രാഹുലിന്റെ വിജയമായി ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു പാര്‍ട്ടി. വോട്ടെണ്ണിത്തുടങ്ങിയതിന് പിന്നാലെ ദല്‍ഹിയിലെ ബിജെപി ഓഫീസില്‍ ആഘോഷം തുടങ്ങിയപ്പോള്‍ എഐസിസി ഓഫീസ് മ്ലാനമായി. 

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും രാഹുല്‍ പരാമര്‍ശിക്കപ്പെട്ടില്ല. സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം ഉറപ്പിച്ചത്. ജെഡിഎസ്സുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ലഭിച്ചത് സോണിയക്കാണ്. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഗുലാം നബി ആസാദും. ആളുകളെ ആകര്‍ഷിക്കാനോ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനോ കഴിയാത്ത നേതാവാണ് രാഹുല്‍. ബിഹാറില്‍ മഹാസഖ്യം ഉറപ്പിച്ചുനിര്‍ത്താനുള്ള ചുമതല രാഹുലിനായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ജെഡിയു എന്‍ഡിഎയിലെത്തിയതായിരുന്നു ഫലം. 

അധ്യക്ഷനാകുന്നതിന് മുന്‍പേ തന്നെ തെരഞ്ഞെടുപ്പുകളില്‍ രാഹുലായിരുന്നു പാര്‍ട്ടിയുടെ മുഖം. ആറ് വര്‍ഷത്തോളമായി ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തില്‍ പരാജയമാണെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിക്കൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ നേതൃത്വം കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ രാഹുലിനെ അംഗീകരിക്കാത്തവരാണ്. കഴിവും പക്വതയുമില്ലാത്ത ഒരാളെ കോണ്‍ഗ്രസ്സിനെപ്പോലെ ചുമക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് അവരുടെ നിലപാട്. രാഹുലിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും ഭക്തര്‍ ആരംഭിച്ചുകഴിഞ്ഞു. സിദ്ധരാമയ്യയുടെ ധാര്‍ഷ്ട്യമാണ് പരാജയത്തിന് കാരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തിയതായി സിപിഎം അനുകൂല ചാനലായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.