ഔദ്യോഗിക ബഹുമതികളോടെ വലിയതന്ത്രിക്ക് വിട

Wednesday 16 May 2018 2:25 am IST
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. 11.15ഓടെ മഠത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരുക്കിയിരുന്ന ചിതയ്ക്കരികില്‍ മൃതദേഹം എത്തിച്ചു. പ്രത്യേക ചടങ്ങുകള്‍ കഴിഞ്ഞ് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം ഉച്ചയ്ക്ക് 12.30ന് മകന്‍ കണ്ഠര് മോഹനര് ചിതയ്ക്ക് തീകൊളുത്തി.

ചെങ്ങന്നൂര്‍: വേദമന്ത്രധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സംസ്ഥാനത്തിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ശബരിമല വലിയതന്ത്രി കണ്ഠര് മഹേശ്വരര്‍ക്ക് ജന്മനാട് വിടനല്‍കി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് താഴമണ്‍മഠത്തില്‍, പുലര്‍ച്ചയോടെ സംസ്‌കാരത്തിനുള്ള ആചാരപരമായ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ശേഷം മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. 

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. 11.15ഓടെ മഠത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരുക്കിയിരുന്ന ചിതയ്ക്കരികില്‍ മൃതദേഹം എത്തിച്ചു. പ്രത്യേക ചടങ്ങുകള്‍ കഴിഞ്ഞ് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം ഉച്ചയ്ക്ക് 12.30ന് മകന്‍ കണ്ഠര് മോഹനര് ചിതയ്ക്ക് തീകൊളുത്തി.

കര്‍മ്മങ്ങളില്‍ പിതൃ സഹോദര പുത്രനും ശബരിമല തന്ത്രിയുമായ കണ്ഠര് രാജീവരര്, ചെറുമക്കളായ ശബരിമല തന്ത്രി മഹേഷ് മോഹനര്, രാഹുല്‍ ഈശ്വര്‍, സന്ദീപ് എന്നിവരും ഭാഗമായി. മുഖ്യമന്ത്രിക്ക് വേണ്ടിയും സംസ്ഥാന സര്‍ക്കാരിനുവേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു. 

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,  മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലന്‍, സി. രവീന്ദ്രനാഥ്, മേഴ്‌സിക്കുട്ടിയമ്മ, എം.എം. മണി, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, വൈക്കം വിശ്വന്‍, പി.സി. ജോര്‍ജ്ജ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സജി ചെറിയാന്‍, അഡ്വ.ഡി. വിജയകുമാര്‍, രാജീവ് പള്ളത്ത്, പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.