ദക്ഷിണ കര്‍ണ്ണാടക തൂത്തുവാരി ബിജെപി

Wednesday 16 May 2018 2:33 am IST
പുത്തൂര്‍ മണ്ഡലം ഒരു ഇടവേളയ്ക്കുശേഷം തിരിച്ച് പിടിക്കാനായതോടെ ബിജെപി കേന്ദ്രങ്ങളില്‍ വന്‍ ആഹ്‌ളാദമായി, സഞ്ചീവ മടന്തൂര്‍ ആണ് 19477 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശകുന്തള ഷെട്ടിയില്‍ നിന്ന് ബിജെപിക്കുവേണ്ടി മണ്ഡലം തിരിച്ചു പിടിച്ചത്.

മംഗ്‌ളൂരു: ദക്ഷിണ കര്‍ണ്ണാടകയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴും ബിജെപി നേടിയത് വന്‍ വിജയം. മോദി-അമിത്ഷാ തരംഗത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ ഉള്‍പ്പെടെ ദയനീയ പരാജയമേറ്റുവാങ്ങി. മംഗ്‌ളൂരു സൗത്ത്, നോര്‍ത്ത്, മൂഡുബിദ്രി, ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം നിന്നപ്പോള്‍ മംഗ്‌ളൂരു മാത്രമാണ് കോണ്‍ഗ്രസ്സിന് നിലനിര്‍ത്താനായത്. സുള്ള്യ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനായത്. കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാത്രം വിജയിച്ച മണ്ഡലമായിരുന്നു ബെല്‍ത്തങ്ങാടി. ഹരീഷ്പൂഞ്ച 98417 വോട്ടുകള്‍ നേടിയാണ് ബെല്‍ത്തങ്ങാടിയില്‍ ഹരിതകുങ്കുമ പതാക പാറിച്ചത്. 22974 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്.

പുത്തൂര്‍ മണ്ഡലം ഒരു ഇടവേളയ്ക്കുശേഷം തിരിച്ച് പിടിക്കാനായതോടെ ബിജെപി കേന്ദ്രങ്ങളില്‍ വന്‍ ആഹ്‌ളാദമായി, സഞ്ചീവ മടന്തൂര്‍ ആണ് 19477 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശകുന്തള ഷെട്ടിയില്‍ നിന്ന് ബിജെപിക്കുവേണ്ടി മണ്ഡലം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ്സ് മന്ത്രിമാരായ മൂഡുബിദ്രിയില്‍ നിന്നുള്ള കെ.അബയ്ചന്ദ്ര ജെയിന്‍, ബണ്ട്വാളില്‍ നിന്നുള്ള രാമനാഥ് റൈ എന്നിവരാണ് തോല്‍വിയറിഞ്ഞ ദക്ഷിണ കര്‍ണ്ണാടകയിലെ പ്രമുഖര്‍. യഥാക്രമം ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥികളായ ഉമാനാഥ എ കൊടിയാന്‍, യു രാജേഷ് നായ്ക് എന്നിവര്‍ വിജയിച്ചു. മൂഡുബിദ്രിയില്‍ കോണ്‍ഗ്രസ്സ് മന്ത്രിയായ കെ.അബയ്ചന്ദ്ര 29799 വോട്ടുകള്‍ക്കാണ് പരാജയത്തിന്റെ രുചിയറിഞ്ഞത്. സുള്ള്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ്.അംഗാരയ്ക്ക് ഭൂരിപക്ഷം 26068 വോട്ടുകളായി ഉയര്‍ത്താനായി.

മംഗ്‌ളൂരു സൗത്ത്-വേദവ്യാസ കാമ്മത്ത്(86545), മംഗ്‌ളൂര്‍ നോര്‍ത്ത്-ഭരത് ഷെട്ടി(98648), മൂഡുബിദ്രി-ഉമനാഥ് കൊടിയാന്‍(87444), പുത്തൂര്‍-സഞ്ചീവ മടന്തൂര്‍(90037), സുള്ള്യ-എസ്.അംഗാര(95205), ബണ്ട്വാള്‍-രാജേഷ് നായ്ക്(97802) എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍. 

ദക്ഷിണ കര്‍ണ്ണാടകയിലെ മംഗ്‌ളൂരു മണ്ഡലം മാത്രമാണ് യു.ടി. അബ്ദുള്‍ ഖാദറിലൂടെ കോണ്‍ഗ്രസ്സിന് നിലനിര്‍ത്താനായത്. പക്ഷേ, കഴിഞ്ഞ തവണ അദ്ദേഹം നേടിയ 29111 എന്ന ഭൂരിപക്ഷം 19739 വോട്ടുകളായി കുറയ്ക്കുവാന്‍ ബിജെപിക്കായി.

കര്‍ണ്ണാടകയിലെ ദളിത് മേഖലകളെല്ലാം തന്നെ കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ ബിജെപി ഇവിടെ വന്‍മുന്നേറ്റമാണ് നടത്തിയത്. 

ലിംഗായത്ത് പദവി നല്‍കി കൊണ്ട് വോട്ട് പിടിക്കാമെന്ന കോണ്‍ഗ്രസ്സ് തന്ത്രവും കര്‍ണ്ണാടകയിലെ വോട്ടര്‍മാര്‍ ഒരുപരിധിവരെ തള്ളിക്കളഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. തീരദേശ-ഗ്രാമീണ മേഖലകള്‍ ബിജെപിക്കൊപ്പം നിന്നപ്പോള്‍ നഗര പ്രദേശങ്ങള്‍ മാത്രമാണ് നേരിയ ഭൂരിപക്ഷവുമായി കോണ്‍ഗ്രസ്സിനെ പിന്തുണച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.