ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ നിര്‍മിക്കും: മന്ത്രി ശിവകുമാര്‍

Friday 9 November 2012 10:50 pm IST

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ നിര്‍മിക്കുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍. ദക്ഷിണേന്ത്യയിലെ ഗവണ്‍മെന്റ്‌ തലത്തില്‍ ആദ്യമായി എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍ നേടിയ എറണാകുളം ജനറല്‍ ആശുപത്രി വിജയകരമായി ആദ്യവര്‍ഷത്തെ സര്‍വൈലന്‍സ്‌ ഓഡിറ്റ്‌ പൂര്‍ത്തിയാക്കി രണ്ടാം വര്‍ഷത്തിലേക്ക്‌ കടന്നതിന്റെ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രഡിറ്റേഷന്‍ നേടുന്നതിനേക്കാള്‍ ഭാരിച്ച ചുമതലയാണ്‌ അത്‌ തുടര്‍ന്നു കൊണ്ടുപോവുക എന്നത്‌. അടുത്ത വര്‍ഷം 25 ലക്ഷം രൂപ ചെലവില്‍ ഡീ-അഡിക്ഷന്‍ കേന്ദ്രം തുടങ്ങും. ജില്ലാ ആശുപത്രിയെ നോഡല്‍ ഏജന്‍സിയാക്കി ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മാനസികാരോഗ്യ ചികില്‍സാ പദ്ധതി തുടങ്ങും. പിഎച്ച്സികളില്‍ 25 ദിവസം ഇതിനായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നവംബര്‍ 14 മുതല്‍ വിദ്യാലയ ആരോഗ്യ പദ്ധതി തുടങ്ങും. നിലവില്‍ 3000 സ്കൂളുകളില്‍ മാത്രമാണ്‌ പദ്ധതി. ഇതോടെ 45 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം കിട്ടുമെന്ന്‌ മന്ത്രി പറഞ്ഞു.
പിറവം ഊരമനയില്‍ ഹെപ്പറ്റൈറ്റിസ്‌ ബി പിടിപ്പെട്ടവര്‍ക്ക്‌ സൗജന്യ ചികില്‍സ ലഭ്യമാക്കുമെന്നും ഇവര്‍ക്ക്‌ സൗജന്യ റേഷന്‍ നല്‍കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. രോഗം പിടിപെട്ട കുടുംബങ്ങള്‍ക്ക്‌ അവരുടെ സ്ഥിതിയനുസരിച്ച്‌ 5000 രൂപ വീതം സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ്ണ സൗജന്യത്തോടെ ഡയാലിസിസ്‌ നടത്തുന്ന എറണാകുളം ജനറല്‍ ആശുപത്രി ഡയാലിസിസ്‌ സെന്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആശുപത്രി വികസന സമിതിയുടെയും ചാള്‍സ്‌ ഡയസ്‌. എംപി യുടെയും എന്‍ആര്‍എച്ച്‌എം ന്റെയും ഫണ്ട്‌ ഉപയോഗിച്ച്‌ വാങ്ങിയ 11 ഡയാലിസിസി മെഷീനുകളോടെയാണ്‌ രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ആദ്യത്തെ 5,000 ഡയാലിസിസിനു വേണ്ടിവരുന്ന ചെലവു വഹിക്കുന്നത്‌, ഡോ. കരി ഐപ്പ്‌ പ്രസിഡന്റായ റോട്ടറി കൊച്ചിന്‍ ഗ്ലോബല്‍� ആണ്‌.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.ചാള്‍സ്‌ ഡയസ്‌ എംപി., എംഎല്‍എമാരായ ഡോമനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയീസ്‌, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ലകളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജുനൈദ്‌ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.