അപരനെ നിര്‍ത്തിയ സിപിഎം ആപ്പിലായി

Wednesday 16 May 2018 2:36 am IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ പരാജയഭീതിയിലായ സിപിഎം എതിര്‍സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാരെ മത്സരിപ്പിച്ച് നിലനില്‍പ്പിനായി ശ്രമിക്കുന്നു. പാര്‍ട്ടി അംഗങ്ങളെ തന്നെയാണ് ഇതിനായി രംഗത്തിറക്കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ അപരന്‍ കെ. ശ്രീധരന്‍പിള്ള മാവേലിക്കര  മണ്ഡലത്തിലെ വഴുവാടി സ്വദേശിയാണ്.   പാര്‍ട്ടി പറഞ്ഞിട്ടല്ല താന്‍ മത്സരിക്കുന്നതെന്നാണ് കെ. ശ്രീധരന്‍ പിള്ള പറയുന്നത്. 

എന്നാല്‍ അപരനെ നിര്‍ത്തിയ സിപിഎം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി സജി ചെറിയാനോട് സിപിഎമ്മിലും മുന്നണിയിലും എതിര്‍പ്പ് ശക്തമായതിനാല്‍ അവര്‍ കൂട്ടത്തോടെ അപരന് വോട്ട് ചെയ്യുമോയെന്നാണ് ആശങ്ക. നാമനിര്‍ദ്ദേശ പത്രികയില്‍ കോടികളുടെ സ്വത്തു വിവരം മറച്ചുവച്ചത് വിവാദമായതോടെ പാര്‍ട്ടിയില്‍ സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരെ അപരനെ നിര്‍ത്തി പരാജയപ്പെടുത്തിയ തന്ത്രമാണ് നില്‍ക്കക്കള്ളിയില്ലാതെ ചെങ്ങന്നൂരില്‍ സിപിഎം പയറ്റുന്നത്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന്റെ അപരന്‍ എ. വിജയകുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ അപരന്‍ മത്സര രംഗത്തുണ്ട്. രണ്ട് അപരന്മാരും സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിമാരാണ്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വോട്ടറാണ് വിജയകുമാര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.