മോശം പദപ്രയോഗങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: രവിശങ്കര്‍ പ്രസാദ്

Wednesday 16 May 2018 2:37 am IST

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ്  ഉയര്‍ത്തിയ പ്രധാന  ആരോപണങ്ങളിലൊന്നായിരുന്നു അദ്ദേഹം ഭീഷണിയുടെ ചുവയുള്ള  അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നുവെന്നത്. ഇക്കാര്യത്തില്‍ മോദിയെ ഉപദേശിച്ച് നന്നാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെടാനും മറന്നില്ല. 

എന്നാലിപ്പോള്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുകയാണ് ബിജെപി. മോദിയെപ്പോലൊരു  ജനപ്രിയ നേതാവിനെതിരെ കോണ്‍ഗ്രസ് നടത്തിയ അസഭ്യവര്‍ഷം ആദ്യം പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ആരാധ്യരായ രണ്ടു നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദിക്കെതിരെയുള്ള അസഭ്യങ്ങളുടെ പട്ടികയൊരുക്കിയാണ് ബിജെപിയുടെ പ്രതിരോധം.  മോദിയെ ആക്ഷേപിച്ചുള്ള സോണിയാഗാന്ധിയുടെ വിവാദ പരാമര്‍ശമായിരുന്നു 'മരണത്തിന്റെ വ്യാപാരി'യെന്നത്.മോദിയെ ''യുവാക്കളുടെ രക്തത്തിന്റെ ദല്ലാള്‍'' എന്ന് പരിഹസിച്ചതാകട്ടെ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. മോദിയെ 'നീചന്‍'  എന്നു വിളിച്ച സോണിയ ചായക്കടയിടാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ 'ഗബ്ബര്‍ സിങ്ങ് ടാക്‌സ്'   എന്ന് പങ്കെടുക്കുന്ന വേദികളിലെല്ലാം പ്രസംഗിച്ചു നടന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. 

ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായിരുന്ന പ്രധാനമന്ത്രിപദത്തില്‍ ദരിദ്രകുടുംബത്തില്‍ നിന്നുള്ളൊരു വ്യക്തിയെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ വിമുഖതയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നതെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രസിഡണ്ടിന് കത്തുനല്‍കിയ കോണ്‍ഗ്രസ് നടപടി കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതിനെത്തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈനും ആരോപിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.