പി.സി. തോമസിന്റെ ഉപവാസം ഇന്ന്; വയനാട് ജില്ലയ്ക്കുള്ള കേന്ദ്രപദ്ധതി കേരളം അട്ടിമറിക്കുന്നു

Wednesday 16 May 2018 2:47 am IST

കോഴിക്കോട്: വയനാട് ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന റാപ്പിഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിറേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സംസ്ഥാനത്തോട് ആലോചിക്കാതെ എടുത്ത തീരുമാനമെന്ന് പറഞ്ഞാണ് പദ്ധതി തടസപ്പെടുത്തുന്നത്. 

റോഡുകള്‍, പാലങ്ങള്‍, റയില്‍വേ ലൈന്‍, പാവപ്പെട്ടവര്‍ക്ക് വീടുകള്‍, ടോയ്‌ലറ്റ്, റോപ് വേ ഉള്‍പ്പെടെ കോടികളുടെ പദ്ധതിയാണ് റാപ്പിഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒാഫ് ആസ്പിറേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതി. രാജ്യത്തെ 114 ജില്ലകളില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ കേരളത്തിലെ ഏക ജില്ല വയനാടാണ്. കേരള സര്‍ക്കാര്‍ ബാലിശമായ എതിര്‍പ്പുകള്‍ എഴുതി അറിയിച്ചാണ് പദ്ധതി തടസ്സപ്പെടുത്തുന്നത്. കേരളത്തിന് മുഴുവന്‍ നേട്ടമുണ്ടാകുന്ന പദ്ധതികളാണ് വഴിമുട്ടിയത്.

 ഇന്ത്യയിലെ 25 സംസ്ഥാനങ്ങളും ജനുവരിയില്‍ തന്നെ പദ്ധതി സ്വീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച് പ്ലാന്‍ തയ്യാറാക്കിയിട്ടും കേരളം ഇതേവരെ ഒന്നും ചെയ്തിട്ടില്ല. പരസ്പര ധാരണ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരെ ഉതിനായി വിട്ടുനല്‍കാനാകില്ലെന്നാണ് പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി അറിയിച്ചത്. 

പ്രഭാരി ഓഫീസിന്റെ സംസ്ഥാനത്തോട് ആലോചിക്കാതെ തീരുമാനിച്ചത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും അംഗീകരിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. ഇതോടെ പദ്ധതി സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയാണ്. 

സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം  മാറണമെന്നാവശ്യപ്പെട്ടും ജനങ്ങളെ ബോധ്യപ്പെടുത്താനുമായി ഇന്ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ടൗണില്‍ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി.തോമസ് ഉപവസിക്കും.  സുരേഷ് ഗോപി എംപി ഉപവാസം ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലയെ തെരഞ്ഞെടുത്തെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ വിമുഖത കാരണം പദ്ധതി നടപ്പാക്കാനായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം അഡ്വ. സണ്ണി പൊന്നാമറ്റവും പങ്കെടുത്തു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.