ചിന്നാര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 17ന്

Wednesday 16 May 2018 2:48 am IST

ഇടുക്കി: 24 മെഗാവാട്ട് ശേഷിയുള്ള ചിന്നാര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 17ന് നടത്തും. മുരിക്കാശ്ശേരി കൊന്നത്തടി മങ്കുവയിലാണ് അണക്കെട്ട്. 269.87 കോടിയാണ് നിര്‍മ്മാണ ചെലവ്. 

പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ചിന്നാര്‍ പദ്ധതിയുടെ സവിശേഷത. ചിന്നാര്‍ മങ്കുവയില്‍ നിര്‍മ്മിക്കുന്ന 150 മീറ്റര്‍ നീളവും 9.2 മീറ്റര്‍ ഉയരവുമുള്ള ഗേറ്റില്ലാത്ത കോണ്‍ക്രീറ്റ് തടയണ, 3125 മീറ്റര്‍ നീളവും കോണ്‍ക്രീറ്റ് ലൈനിങ്ങോടെ 3.3 മീറ്റര്‍ വ്യാസമുള്ള തുരങ്കം, പനംകുട്ടിയില്‍ നിര്‍മ്മിക്കുന്ന പവര്‍ഹൗസ്, പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റര്‍ നീളവും 3 മീറ്റര്‍ വ്യാസവുമുള്ള പൈപ്പ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാനഭാഗങ്ങള്‍. 

ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 165 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാന്‍ സാധിക്കുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. വനഭൂമി ആവശ്യമില്ലാത്ത ചിന്നാര്‍ പദ്ധതിക്കായി 109 പേരില്‍ നിന്ന് 16.03 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 14.03 ഹെക്ടര്‍ ഏറ്റെടുത്തു കഴിഞ്ഞു.

രാവിലെ 11 ന് മുരിക്കാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് അങ്കണത്തില്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ അദ്ധ്യക്ഷനാകും. ജോയ്‌സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.