പ്ലേ ഓഫിനായി കടുത്ത പോരാട്ടം

Wednesday 16 May 2018 2:50 am IST

ന്യൂദല്‍ഹി: ഐപിഎല്ലില്‍ 48 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ടീമുകള്‍ പ്ലേ ഓഫ് ഉറപ്പാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി അഞ്ചു ടീമുകളാണ് പോരടിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവയാണ്  അവസാന നാലിലെത്താനായി പൊരുതുന്ന മറ്റ് ടീമുകള്‍.

സണ്‍ റൈസേഴ്‌സ് 12 മത്സരങ്ങളില്‍ 18 പോയിന്റുമായി ഒന്നാം  സ്ഥാനത്ത്്   നില്‍ക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് 12 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് , കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ പന്ത്രണ്ടു പോയിന്റു വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും പത്ത് പോയിന്റ് വീതമുണ്ട്.

ദിനേശ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് പതിനാല് പോയിന്റാകും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും കഴിയും. രാജസ്ഥാനോട് തോറ്റാലും കൊല്‍ക്കത്തയ്ക്ക് സാധ്യതയുണ്ട്. അവസാന മത്സരത്തില്‍ അവര്‍ വിജയം നേടുകയും രാജസ്ഥാനും പഞ്ചാബും തോല്‍ക്കുകയും ചെയ്താല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാം. അതേസമയം കൊല്‍ക്കത്തയെ തോല്‍പ്പിച്ചാലേ  രാജസ്ഥാന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാകൂ.

കിങ്‌സ് ഇലവന്‍ പഞ്ചാബിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാലേ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ.  ഇന്ന് അവര്‍ മുംബൈ ഇന്ത്യന്‍സിനെയും ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും. 

രോഹിത് ശര്‍മയുടെ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അവസാന രണ്ട് മത്സരങ്ങളിലും വിജയം നേടണം. ഇന്ന് പഞ്ചാബിനോട് തോറ്റാല്‍ മുംബൈ പുറത്താകും.

വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവില്‍ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്താണ്. അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം  . റോയല്‍ ചലഞ്ചേഴ്‌സ് നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളില്‍ ജയിക്കുകയും മ്റ്റ് ടീമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേ ഓഫില്‍ കടക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.