കൈസര്‍ ദി ഗ്രെയ്റ്റ്

Wednesday 16 May 2018 2:55 am IST

ലോകകപ്പ് നേടുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. അത് ക്യാപ്റ്റനായിട്ടാണെങ്കിലോ... ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. പിന്നീട് കോച്ചായും കിരീടം നേടിയാലോ.... അത് ആ വ്യക്തിയെ ലോകത്തിന്റെ നെറുകയിലെത്തിക്കും. അത്തമൊരു വ്യക്തിയാണ് ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ക്യാപ്റ്റനായിരുന്ന ഫ്രാന്‍സ് ബെക്കന്‍ ബോവര്‍. കൈസര്‍ (ചക്രവര്‍ത്തി) എന്നാണ് ബെക്കന്‍ ബോവറുടെ വിളിപ്പേര്. 1974-ല്‍ ക്യാപ്റ്റനായും 1990-ല്‍ കോച്ചായുമാണ് ബെക്കന്‍ ബോവര്‍ ലോക കിരീടം ഏറ്റുവാങ്ങിയത്. കളിക്കാരനായും കോച്ചയും ലോക കിരീടം നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ബെക്കന്‍ ബോവര്‍. ബ്രസീലിന്റെ മരിയോ സഗല്ലോയാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍. 1958, 62 ലോകകപ്പുകളില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന സഗല്ലോ 1970-ലെ ലോകകപ്പില്‍ കോച്ചുമായിരുന്നു. 

ബെക്കന്‍ ബോവറിന്റെ നേട്ടങ്ങള്‍ അസൂയാവഹമാണ്. ലോകകപ്പില്‍ 1966-ല്‍ റണ്ണേഴ്‌സ് അപ്പ് നേടിയ ടീമിലെ അംഗം. 1970-ല്‍ മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗം. 1974-ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍.  ഈ നേട്ടങ്ങള്‍ വെല്ലുന്ന വിജയങ്ങളുള്ള ഒരു ഫുട്‌ബോള്‍ താരമേ ഉള്ളു. അത് സാക്ഷാല്‍ പെലെയാണ്.

1966-ലെ ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് റണ്ണേഴ്‌സപ്പായ ജര്‍മ്മന്‍ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ബെക്കന്‍ ബോവര്‍.  ആദ്യ കളിയില്‍ ജര്‍മ്മനി സ്വിറ്റ്‌സര്‍ലന്റിനെ 5-0 നു തോല്‍പ്പിച്ചു. ബെക്കന്‍ ബോവറിന്റെ വക രണ്ട് ഗോള്‍. ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ജര്‍മ്മനി ഉറുഗ്വേയെ 4-0 നു തോല്‍പ്പിച്ച് സെമിയിലേക്ക്. ഈ മത്സരത്തിന്റെ 70-ാം മിനിറ്റില്‍ ബെക്കന്‍ ബോവര്‍ ഗോള്‍ നേടി. സെമിയില്‍ എതിരാളികള്‍ യുഎസ്എസ്ആര്‍. ബെക്കന്‍ ബോവറുടെ ഗോളിന്റെ കരുത്തില്‍ ജര്‍മ്മനി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് ഫൈനലില്‍. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട ഫൈനലില്‍ ഇംഗ്ലണ്ടിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെങ്കിലും ആകെ നാലു ഗോളടിച്ച ബെക്കന്‍ ബോവര്‍ ജര്‍മ്മനിയുടെ വീരനായകനായി.

1970 മെക്‌സിക്കോ ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ പടിഞ്ഞാറന്‍ ജര്‍മ്മനി ഇംഗ്ലണ്ടിനെ നേരിട്ടു. രണ്ടു ഗോളിന് മുന്നിട്ടു നിന്ന ഇംഗ്ലണ്ടിനെതിരെ 69-ാം മിനിട്ടില്‍ ബേക്കന്‍ ബോവര്‍ ഗോളടിച്ചു. പിന്നീട് ജര്‍മ്മനി സമനില പിടിച്ചടക്കി. എക്‌സ്ട്രാ ടൈമില്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. സെമി ഫൈനലില്‍ വെസ്റ്റ് ജര്‍മ്മനി ഇറ്റലിയെ നേരിട്ടു. ഇറ്റാലിയന്‍ പ്രതിരോധനിരയുടെ കനത്ത ഫൗളിംഗില്‍ ബെക്കന്‍ ബോവറിന്റെ കൈക്കുഴക്ക് പരിക്കേറ്റു. ബാന്‍ഡേജ് കെട്ടി, വേദന കടിച്ചു പിടിച്ച് ബെക്കന്‍ ബോവര്‍ പിടിച്ചു നിന്നു.  അധികസമയത്തേക്ക് നീണ്ട കളിയില്‍ ഇറ്റലി ജര്‍മ്മനിയെ 4-3 നു തോല്‍പ്പിച്ചു. മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ പടിഞ്ഞാറന്‍ ജര്‍മനി, ഉറുഗ്വേയെ 1-0 നു തോല്‍പ്പിച്ചു. 

1974ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍  ക്യാപ്റ്റനായാണ് ബെക്കന്‍ ബോവര്‍ ലോകകപ്പിനെത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി പശ്ചിമ ജര്‍മ്മനി രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി.  രണ്ടാം ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഫൈനലിലേക്ക്. ഫൈനലില്‍ എതിരാളികള്‍ നെതര്‍ലന്റ്‌സ്. ഫുട്‌ബോള്‍ വിദഗ്ധര്‍ ജോഹാന്‍ ക്രൈഫിന്റെ ഡച്ചു പട കിരീടം നേടുമെന്നുറപ്പിച്ചു. എന്നാല്‍ ഡച്ച് പടയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി പടിഞ്ഞാറന്‍ ജര്‍മ്മനി ലോകകപ്പ് നേടി. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച കളിക്കാരനുള്ള സില്‍വര്‍ പന്തും ബെക്കന്‍ ബോവര്‍ക്കായിരുന്നു.  1972-ല്‍ പടിഞ്ഞാറന്‍ ജര്‍മ്മനി ഫൈനലില്‍ സോവിയറ്റുയൂണിയനെ 3-0ന് തോല്‍പ്പിച്ച് യൂറോപ്യന്‍ കിരീടം നേടിയിരുന്നു.

1964 മുതല്‍ 1977 വരെ ബയേന്‍ മ്യൂണിക്കിനു വേണ്ടി കളിച്ച ബെക്കന്‍ ബോവര്‍ തുടര്‍ച്ചയായി 1974 മുതല്‍ 1976 വരെ യൂറോപ്യന്‍ ക്ലബ് കിരീടം നേടിയ ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരനുമായിരുന്നു.

 വിരമിച്ചതിനു ശേഷം 1984 മുതല്‍ 1990 വരെ പടിഞ്ഞാറന്‍ ജര്‍മ്മനിയുടെ മാനേജരായി. 1986 ലെ ലോകകപ്പില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ അര്‍ജന്റീനയോടു പരാജയപ്പെട്ടു. പിന്നീട് 1990-ല്‍ ജര്‍മ്മന്‍ ഏകീകരണത്തിനു ശേഷം ജര്‍മ്മനിയുടെ കോച്ചായി. കൈസറുടെ ശിക്ഷണത്തില്‍ അവിഭക്ത ജര്‍മ്മനി ആദ്യ ലോകകിരീടവും സ്വന്തമാക്കി. ഫൈനലില്‍ ജര്‍മ്മനി അര്‍ജന്റീനയെ തോല്‍പ്പിച്ചു. ക്യാപ്റ്റനായും, കോച്ചായും ലോക കിരീടം നേടുന്ന ഏക വ്യക്തി.  1990-ല്‍ ഒളിംപിക്കോമാഴ്‌സലേയുടെ മാനേജരായി. അടുത്ത വര്‍ഷം ബയേന്‍ മ്യൂണിക്കിന്റെ കോച്ചായി. 

2006-ല്‍  വീണ്ടും ജര്‍മ്മനിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്തിയപ്പോള്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ സംഘാടക സമിതി ചെയര്‍മാന്റെ വേഷത്തിലായിരുന്നു. 1972, 76 വര്‍ഷങ്ങളില്‍ ബോളന്‍ ഡി ഓര്‍ പുരസ്‌കാരവും  കൈസറെ തേടിയെത്തി. 1966-ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള ബഹുമതിയും നേടിയതിന് പുറമെ 1966, 68, 74, 76 വര്‍ഷങ്ങളില്‍ ജര്‍മ്മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കൈസര്‍ക്കു തന്നെയായിരുന്നു. 1998-ല്‍ ഫിഫ പ്രഖ്യാപിച്ച 20-ാം നൂറ്റാണ്ടിലെ ടീമിലും 2002-ലെ ഫിഫ ലോകകപ്പിലെ സ്വപ്‌ന ടീമിലും ബെക്കന്‍ ബോവര്‍ ഇടം പിടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.