ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കും

Wednesday 16 May 2018 9:37 am IST
ഏപ്രില്‍ 27ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ ആണവനിരായുധീകരണം സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രണ്ടാം ഘട്ടചര്‍ച്ചയില്‍ ഉയര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പ്യോംഗ്യാംഗ്: ദക്ഷിണ കൊറിയയുമായി പാന്‍മുംജോം അതിര്‍ത്തിയിലെ സമാധാനഗ്രാമത്തില്‍ വച്ച് നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്.

അമേരിക്കയുമായിച്ചേര്‍ന്ന് ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടര്‍ന്നാണിതെന്നാണ് സൂചന. തങ്ങള്‍ക്കെതിരായ കൃത്യമായ പദ്ധതികളോടെയുള്ള നീക്കത്തിന്റെ ഭാഗമാണ് അമേരിക്ക-ദക്ഷിണകൊറിയ സംയുക്ത നീക്കമെന്ന വിലയിരുത്തലിനേത്തുടര്‍ന്നാണ് ഉത്തരകൊറിയ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്നും വിവരങ്ങളുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഉത്തരകൊറിയന്‍ ഭരണധികാരികള്‍ തയാറായിട്ടില്ല.

ഏപ്രില്‍ 27ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ ആണവനിരായുധീകരണം സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രണ്ടാം ഘട്ടചര്‍ച്ചയില്‍ ഉയര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 

ഉത്തരകൊറിയയുടെ ഏകീകരണ കമ്മിറ്റി ചെയര്‍മാന്‍ റി സോണ്‍ ഗ്വോണിന്റെ നേതൃത്വത്തിലുള്ള 29 അംഗ പ്രതിനിധികളും ദക്ഷിണകൊറിയയുടെ ഏകീകരണ വകുപ്പു മന്ത്രി ജോ മ്യോംഗ് ഗ്യോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും തമ്മിലായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. അണുപരീക്ഷണ കേന്ദ്രമായ പുംജിയേരി സൈറ്റ് 23-25 തീയതികളില്‍ പൊളിച്ചുകളയുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ചര്‍ച്ച നടക്കാതിരുന്നാല്‍ ഈ പ്രഖ്യാപനത്തിന്റെ ഭാവിയും തുലാസിലാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.