റീ പോളിങിലും ബംഗാളിൽ ക്രിമിനൽ അഴിഞ്ഞാട്ടം; ബാലറ്റ് പെട്ടികൾ തോക്കുധാരികൾ സ്വന്തമാക്കി

Wednesday 16 May 2018 4:57 pm IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇന്ന് നടന്ന റീപോളിംങില്‍ തോക്കുധാരികള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് റീപോളിംഗ് നടത്തിയത്.

19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെയാണ് നടന്നത്. തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായി എത്തിയ സംഘം മാല്‍ദയിലെ രത്വയില്‍ 76ാം പോളിംഗ് ബൂത്തില്‍നിന്നുമാണ് ബാലറ്റ് പെട്ടി തട്ടിയെടുത്തത്.

തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളിൽ സംസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവെയ്പ്പുമുള്‍പ്പെടെയുള്ള അക്രമങ്ങളില്‍ അമ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ചില ബൂത്തുകളില്‍ പ്രവേശിക്കാന്‍ മുഖംമൂടി ധരിച്ച്‌ ആയുധങ്ങളുമായെത്തിയവര്‍ അനുവദിച്ചില്ലെന്ന് വോട്ടര്‍മാര്‍ പരാതിപ്പെടുന്ന സംഭവങ്ങള്‍ വരെ അരങ്ങേറിയിരുന്നു.

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മമത ബാനർജിയെയും സർക്കാരിനേയും  പ്രധാനമന്ത്രി നരേന്ദ്രമോദി കണക്കറ്റ് വിമർശിച്ചിരുന്നു. കൊലപാതക ജനാധിപത്യമെന്നാണ് ബംഗാളിലെ ഭരണത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. റീ പോളിങ് നടത്തിയിട്ടും അക്രമികൾ സംസ്ഥാനത്ത് അഴിഞ്ഞാടുന്ന സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.