ആദിത്യനെ ബ്രഹ്മമായി കണ്ടുള്ള ഉപാസന

Thursday 17 May 2018 2:32 am IST
മനസ്സിനേയും ആകാശത്തേയും ബ്രഹ്മമായി കണ്ട് ഉപാസിക്കേണ്ടതിനെ പറയുന്നു.മനസ്സ് ബ്രഹ്മമാണെന്ന് കരുതി ഉപാസിക്കണമെന്നുള്ളത് ആത്മവിഷയകമായ ദര്‍ശനം. ആകാശം ബ്രഹ്മമാണെന്ന് വിചാരിച്ച് ഉപാസിക്കുന്നത് ദേവതാ വിഷയകമായ ദര്‍ശനം. ഇങ്ങനെ ആത്മവിഷയമായും ദേവതാവിഷയമായും രണ്ട് ദര്‍ശനങ്ങള്‍ പറഞ്ഞിരിക്കുന്നു.

മനസ്സിനേയും ആകാശത്തേയും ബ്രഹ്മമായി കണ്ട് ഉപാസിക്കേണ്ടതിനെ പറയുന്നു.മനസ്സ് ബ്രഹ്മമാണെന്ന് കരുതി ഉപാസിക്കണമെന്നുള്ളത് ആത്മവിഷയകമായ ദര്‍ശനം. ആകാശം ബ്രഹ്മമാണെന്ന് വിചാരിച്ച് ഉപാസിക്കുന്നത് ദേവതാ വിഷയകമായ ദര്‍ശനം. ഇങ്ങനെ ആത്മവിഷയമായും ദേവതാവിഷയമായും രണ്ട് ദര്‍ശനങ്ങള്‍ പറഞ്ഞിരിക്കുന്നു.

നേരത്തെ മനോമയം എന്നും ആകാശാത്മം എന്നും വിശേഷണങ്ങള്‍ ബ്രഹ്മത്തിനു കൊടുത്തിരുന്നു. അത് പൂര്‍ണമായ വീക്ഷണമല്ലായിരുന്നു. മനസ്സിലും ആകാശത്തിലും സമ്പൂര്‍ണ ബ്രഹ്മദൃഷ്ടിയാണ് ഈ മന്ത്രത്തില്‍ വിധിച്ചിരിക്കുന്നത്. മനസ്സ് സൂക്ഷ്മമായതിനാല്‍ ബ്രഹ്മദൃഷ്ടിക്ക് യോഗ്യമാണ്. ഇത് മനസ്സിനെ ഉള്‍ക്കൊള്ളുന്ന ശരീരത്തെപ്പറ്റിയുള്ള ദര്‍ശനമാണ്. ആകാശം. എല്ലായിടത്തും വ്യാപിച്ചതും സൂക്ഷ്മവും ഉപാധികളില്ലാത്തതുമായതിനാല്‍ ആകാശവും ബ്രഹ്മദൃഷ്ടിക്ക് യോഗ്യമാണ്. രണ്ടിനേയും ബ്രഹ്മമായി കണ്ട് ഉപാസിക്കണം.

അങ്ങനെയുള്ള ഈ അധ്യാത്മ ബ്രഹ്മം നാല് പദങ്ങളോട് കൂടിയതാണ്. വാക്ക് ഒരു പാദമാണ്. പ്രാണന്‍, ചക്ഷുസ്, ശ്രോത്രം എന്നിവയും ഓരോ പാദങ്ങളാണ്. അധിദൈവത ബ്രഹ്മത്തിനും നാല് പാദങ്ങള്‍ ഉണ്ട്. അഗ്‌നി ഒരു പാദമാണ്. വായു, ദിക്കുകള്‍, ആദിത്യന്‍ എന്നിവയും പാദങ്ങളാണ്. നാലു പാദങ്ങള്‍ വീതം ഇവയ്ക്ക് ഉപദേശിച്ചിരിക്കുന്നു. ഇവിടെ പ്രാണന്‍ എന്നു പറഞ്ഞത് ഘ്രാണേന്ദ്രിയത്തെയാണ്.

അധ്യാത്മമായ ബ്രഹ്മത്തിന്റെ നാലാം പാദം വാക്കാണ്. അത് അഗ്‌നിയാകുന്ന ജ്യോതിസ്സിനാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ അറിയുന്നയാള്‍ കീര്‍ത്തി, യശസ്സ്, ബ്രഹ്മവര്‍ച്ചസം എന്നിവയാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു.

മൃഗങ്ങള്‍  ഭക്ഷണം തേടി നടക്കുന്നത് കാലുകളെക്കൊണ്ടാണ്, എന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നു. അതുപോലെ മനസ്സും പാദങ്ങളുടെ സഹായത്താല്‍ എത്തേണ്ടിടത്ത് എത്തുന്നു. അല്ലെങ്കില്‍ ഇന്ദ്രിയവിഷയങ്ങളെ പ്രാപിക്കുന്നു.

അധ്യാത്മ ബ്രഹ്മത്തിന്റെ മറ്റൊരു പാദം പ്രാണനാണ്. അത് വായുവാകുന്ന ജ്യോതിസ്സിനാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ അറിയുമ്പോള്‍ കീര്‍ത്തി, യശസ്സ്, ബ്രഹ്മവര്‍ച്ചസം എന്നിവയാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു. വായുവിന്റെ സഹായത്താലാണ് ഘ്രാണേന്ദ്രിയം ഗന്ധത്തെ അറിയുന്നത്.

ചക്ഷുസ്സാണ് അടുത്ത പാദം. അത് ആദിത്യനാകുന്നു. ജ്യോതിസ്സിനാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ അറിയുന്നയാള്‍ കീര്‍ത്തി, യശസ്സ്, ബ്രഹ്മവര്‍ച്ചസം എന്നിവയാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് കണ്ണ് രൂപങ്ങളെ കാണുകയും അറിയുകയും ചെയ്യുന്നത്.

ശ്രോത്രമാണ് മറ്റൊരു പാദം. അത് ദിക്കുകളാകുന്ന പ്രകാശംകൊണ്ട് പ്രകാശിക്കുകയും, തപിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ അറിയുന്നയാള്‍ കീര്‍ത്തി, യശസ്സ്, ബ്രഹ്മവര്‍ച്ചസം എന്നിവയാല്‍ പ്രകാശിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നു. ദിക്കുകളിലുള്ള ആകാശത്തിന്റെ സഹായത്താലാണ് കാത് ശബ്ദങ്ങളെ കേള്‍ക്കുകയും അറിയുകയും ചെയ്യുന്നത്.

അധ്യാത്മവും ആധിദൈവതവുമായ ബ്രഹ്മത്തെ മൂന്നായി അറിഞ്ഞ് ഉപാസിക്കുന്നവര്‍ക്ക് നേരിട്ട് അറിയാവുന്ന ഫലമാണ് യശസ്സ്, കീര്‍ത്തി, ബ്രഹ്മവര്‍ച്ചസം എന്നിവ. ബ്രഹ്മസാക്ഷാത്കാരമാണ് അദൃഷ്ടഫലം.

ജീവിച്ചിരിക്കുമ്പോള്‍ നേടുന്ന പ്രസിദ്ധിയെ യശസ്സ് എന്നു പറയും. മരണശേഷമുള്ള പ്രസിദ്ധിയാണ് കീര്‍ത്തി. സദാചാര ജീവിതം കൊണ്ടും വേദാധ്യയനം കൊണ്ടും ഉണ്ടാകുന്ന തേജസ്സാണ് ബ്രഹ്മവര്‍ച്ചസം.

ആദിത്യനെ സമ്പൂര്‍ണ്ണ ബ്രഹ്മമായി കാണുന്ന ഉപാസനയെ പറയുന്നു.

ആദിത്യന്‍ ബ്രഹ്മമാകുന്നു എന്ന് ഉപദേശം. അതിനെ വിവരിക്കുകയാണിനി. ഈ ജഗത്ത് ഉല്‍പ്പത്തിക്കു മുമ്പ് അസത്തായിരുന്നു. അത് സത്തായിത്തീര്‍ന്നു. അത് വളര്‍ന്ന് അണ്ഡമായി മാറി. ഒരു സംവത്‌സരക്കാലം അങ്ങനെ കിടന്നു. പിന്നീട് അത് പൊട്ടി അതിന്റെ രണ്ട് തോടുകള്‍ വെള്ളിയും സ്വര്‍ണ്ണവുമായിത്തീര്‍ന്നു.

തീരെ അസത്തായതില്‍ നിന്ന് ഒന്നും ഉണ്ടാകുകയില്ല. നാമരൂപങ്ങളായിത്തീരാതെ അസത്ത് എന്നതുപോലെ ബ്രഹ്മത്തില്‍ ലയിച്ചുകിടക്കുകയായിരുന്നു ഈഗത്ത്.

വെള്ളിയായിത്തീര്‍ന്ന താഴത്തെ തോട് ഭൂമിയാണ്. സ്വര്‍ണ്ണമായത് ദ്യോവും. അണ്ഡം രണ്ടായി പിളര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായ സ്ഥൂലമായ ആവരണം പര്‍വ്വതങ്ങളായി. സൂക്ഷ്മ ആവരണം മേഘങ്ങളുടെ മഞ്ഞായി. ഞരമ്പുകള്‍ നദികളായിത്തീര്‍ന്നു. വയറിന്റെ അടിഭാഗത്തുള്ള വെള്ളമാണ് സമുദ്രമായി മാറിയത്.

ആ അണ്ഡത്തില്‍ നിന്ന് ഗര്‍ഭരൂപത്തില്‍ ജനിച്ചതാണ് ആദിത്യന്‍. ആദിത്യന്‍ ജനിച്ചപ്പോള്‍ കുരവയിടുന്നതുപോലെ 'ഉലു ഉലു' എന്ന ശബ്ദങ്ങളുണ്ടായി. ചരാചരങ്ങളായ എല്ലാ ഭൂതങ്ങളും അവയുടെ ആഗ്രഹത്തിനനുസൃതങ്ങളായ വസ്തുക്കളും ഉണ്ടായി. അതിനാല്‍ സൂര്യന്‍ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും 'ഉലു ഉലു' എന്ന കുരവയിടലും എല്ലാ കാമങ്ങളും ഉണ്ടാകുന്നു.

ഇങ്ങനെ ആദിത്യനെ ബ്രഹ്മമെന്ന് കരുതി ഉപാസിക്കുന്നയാളെ ശോഭനങ്ങളായ ശബ്ദങ്ങള്‍ വന്ന് ചേര്‍ന്ന് സുഖിപ്പിക്കും. ഇത് ഉടനെതന്നെ ഉണ്ടാകും. ശോഭനങ്ങളായ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നത് ദൃഷ്ടഫലവും ബ്രഹ്മസാക്ഷാത്കാരം അദൃഷ്ടഫലവുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.