സന്ത് തുക്കാറാമിന്റെ ഭക്തി

Thursday 17 May 2018 2:58 am IST
ഭക്തനു ഈശ്വരനാമത്തെ ത്യജിക്കാന്‍ സാദ്ധ്യമല്ല. ഈശ്വരനാമം ഭക്തനേയും വിട്ടു പിരിയുകയില്ല. ഭക്തനെ സംബന്ധിച്ച് ഈശ്വരനാമം സകലവേദങ്ങളുടെയും സത്തയാണ്. ആദ്ധ്യാത്മിക ഭണ്ഡാഗാരത്തിന്റെ താക്കോലാണ്'

ഭക്തനു ഈശ്വരനാമത്തെ ത്യജിക്കാന്‍ സാദ്ധ്യമല്ല. ഈശ്വരനാമം ഭക്തനേയും വിട്ടു പിരിയുകയില്ല. ഭക്തനെ സംബന്ധിച്ച് ഈശ്വരനാമം സകലവേദങ്ങളുടെയും സത്തയാണ്. ആദ്ധ്യാത്മിക ഭണ്ഡാഗാരത്തിന്റെ താക്കോലാണ്''.

     ഭക്തനായ സന്ത് തുക്കാറാമിന്റെ കഥ അമ്മ പറഞ്ഞു.

  ''ഒരിക്കല്‍ സന്ത് തുക്കാറാമിനോട് സ്വന്തം ഗ്രാമത്തില്‍ ഹരികഥാകാലക്ഷേപം നടത്താന്‍ പറഞ്ഞു. ആ ഭക്തനെ സംബന്ധിച്ചിടത്തോളം ''രാമകൃഷ്ണ ഹരി'' എന്ന പ്രിയങ്കരമായ നാമം ഉച്ചത്തില്‍ ആത്മഹര്‍ഷപ്രദമായി ഉരുവിടുന്നതിലുപരി പുതുമയേറിയ മറ്റെന്താണുള്ളത്്? അദ്ദേഹം സസന്തോഷം ആ അഭ്യര്‍ത്ഥന സ്വീകരിച്ചു. ഗ്രാമീണര്‍ അസംഖ്യം സമ്മേളിച്ചു. കീര്‍ത്തനം സമാരംഭിച്ചു. ആ യതിവര്യന്‍ ഹര്‍ഷോന്മാദാവസ്ഥയില്‍ മുഴുകി. ആ കണ്ഠത്തില്‍നിന്നും ലോകത്തെ മുഴുവന്‍ പരിപാവനമാക്കുമാറ്  ഈശ്വരനാമം ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു. ഈശ്വരനാമം ഉരുവിടുന്നതല്ല ഹരികഥ. അതില്‍ കഥകളും ഉപകഥകളും ഫലിതവും വിനോദവുമൊക്കെ ഉണ്ടായിരിക്കണമെന്നാണ് നിയമം. തുക്കാറാമാകട്ടെ ഈശ്വരനാമം ഉരുവിടുകമാത്രമേ ചെയ്തിരുന്നുള്ളു. സമയം നീങ്ങി. ആളുകള്‍ അസ്വസ്ഥരായി. ചിലര്‍ക്കു ക്ഷമ നശിച്ചു. ചിലര്‍ ക്ഷോഭാകുലരായി.

അവര്‍ ക്രമേണ അവിടെനിന്നും അകന്നു തുടങ്ങി. ആന്തരിക നിര്‍വൃതിയുടെ പ്രളയത്തിലമര്‍ന്ന യതിവര്യന്‍ സ്വശരീരം തന്നെ വിസ്മരിച്ചിരുന്നു. ആ രാത്രി മുഴുവന്‍ അദ്ദേഹം ആ നാമസങ്കീര്‍ത്തനം ആലപിച്ചു. നേരം പുലര്‍ന്ന് ബാഹ്യലോകത്തെ ക്കുറിച്ച് തുക്കാറാം ബോധവാനായപ്പോള്‍ തന്റെ നേരെ മുന്നില്‍ ആകെ ഒരാള്‍ മാത്രം ഇരിക്കുന്നു. ആനന്ദാധിക്യത്താല്‍ അദ്ദേഹം ഉദ്‌ഘോഷിച്ചു-'-ഹാ എന്റെ സഹോദരാ,ഈശ്വരനാമസുധ നുകരാനും എന്റെ വിട്ടല പ്രഭുവിനോടുള്ള പ്രേമം ആസ്വദിക്കാനും ഒരാളെങ്കിലും ഇവിടെ ഉണ്ടായല്ലോ.''പക്ഷേ ആ ശ്രോതാവ് കോപത്തോടെ പറഞ്ഞു,

''എന്തു വിട്ടല പ്രഭു?എന്തു നാമം? നിര്‍ഭാഗ്യവശാല്‍ രാത്രി മുഴുവനും എന്റെ പരവതാനിയിലാണ് നിങ്ങള്‍ നൃത്തം ചെയ്തിരുന്നത്. അതു തിരിച്ചുകാണ്ടുപോകാന്‍മാത്രമാണ് ഞാന്‍ കാത്തിരുന്നത്..''എന്നു പറഞ്ഞ് അയാള്‍ പരവതാനിയെടുത്ത് ഒറ്റനടപ്പങ്ങു നടന്നു.''

 ഹാളില്‍ ആസകലം മുഴങ്ങിയ ചിരിയില്‍ അമ്മയും പങ്കുകൊണ്ടു.(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.