കര്‍ണ്ണാടകയും കീഴടക്കി മോദി തരംഗം

Wednesday 16 May 2018 8:12 pm IST
മോദി തരംഗത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റില്ലെന്ന് സ്ഥാപിക്കാനായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം. ബിജെപി മുന്നേറ്റം ഒരു കാര്യം അടിവരയിടുന്നു, അടുത്ത പൊതുതെരഞ്ഞെടുപ്പിലെ ഫലവും നിര്‍ണയിക്കുന്നത് മോദി തരംഗമായിരിക്കും

ന്യൂദല്‍ഹി: മോദി തരംഗത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റില്ലെന്ന് സ്ഥാപിക്കാനായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമം. ബിജെപി മുന്നേറ്റം ഒരു കാര്യം അടിവരയിടുന്നു, അടുത്ത പൊതുതെരഞ്ഞെടുപ്പിലെ ഫലവും നിര്‍ണയിക്കുന്നത് മോദി തരംഗമായിരിക്കും. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുമ്പോള്‍ ആശങ്കയിലായിരുന്നു ബിജെപി. പരമാവധി എണ്‍പത് സീറ്റായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജാതി രാഷ്ട്രീയവും പ്രാദേശിക തീവ്രവാദവും മുസ്ലിം വര്‍ഗ്ഗീയതയും ആയുധമാക്കി സിദ്ധരാമയ്യ 'തിളങ്ങി' നില്‍ക്കുകയായിരുന്നു അപ്പോള്‍. കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതി. കന്നഡ വാദത്തെയും ലിംഗായത്ത് വിഭജനത്തെയും മതതീവ്രവാദത്തെയും മറികടന്ന് ബിജെപി വിജയം സ്ഥാപിച്ചത് മോദിയുടെ വരവോടെയാണ്. 

21 മോദി റാലികളാണ് കര്‍ണാടകയെ ഇളക്കി മറിച്ചത്. 15 റാലികളാണ് ആദ്യം തീരുമാനിച്ചിരുന്നത്. സ്വാധീനം മനസിലാക്കിയതോടെയാണ് എണ്ണം കൂട്ടിയത്. ലക്ഷക്കണക്കിനാളുകള്‍ പ്രധാനമന്ത്രിയെ കേള്‍ക്കാനെത്തി. സംസ്ഥാനമൊന്നാകെ ഇതിന്റെ അലയടികളുണ്ടായി. ബിജെപിക്ക് പ്രചാരണത്തില്‍ മുന്‍തൂക്കം ലഭിച്ചു. അഴിമതി, സ്ത്രീസുരക്ഷ, വികസനം തുടങ്ങിയ വിഷയങ്ങളാണ് മോദി ഉന്നയിച്ചത്. രാഹുലിന്റെ റാലികള്‍ മോദിക്ക് പകരമായി ഉയര്‍ത്തിക്കാട്ടാനുള്ള കോണ്‍ഗ്രസ് നീക്കം ദയനീയമായി പരാജയപ്പെട്ടു. 

സിദ്ധരാമയ്യയും മോദിയും തമ്മിലാണ് മത്സരമെന്ന് ആദ്യം പ്രചരിപ്പിച്ചിരുന്ന കോണ്‍ഗ്രസ് പ്രതിരോധത്തിലായി. യദ്യൂരപ്പയുമായാണ് മത്സരമെന്ന് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ സിദ്ധരാമയ്യക്ക് മാറ്റിപ്പറയേണ്ടി വന്നു. തെരഞ്ഞെടുപ്പിലെ ചര്‍ച്ച എന്താകണമെന്ന് മോദി നിശ്ചയിക്കുന്ന അവസ്ഥയുണ്ടായി. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുക മാത്രമായിരുന്നു അവസാന ദിവസങ്ങളില്‍ കോണ്‍ഗ്രസ് ചെയ്തത്.

വിജയത്തിന്റെ ക്രെഡിറ്റ് അമിത് ഷായും യദ്യൂരപ്പയും മോദിക്കാണ് നല്‍കിയത്. 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദി തരംഗം തന്നെയാണ് ബിജെപിയുടെ പ്രധാന ആശ്രയം. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, ഇന്ധന വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോഴും മോദി തരംഗം അവസാനിക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.