സിആര്‍പിഎഫ് ജവാന്മാര്‍ പങ്കെടുത്തതില്‍ കേന്ദ്രം വിശദീകരണം തേടി

Thursday 17 May 2018 2:20 am IST

ന്യൂദല്‍ഹി: കേരളത്തിലെ പയ്യന്നൂരില്‍ മുനയന്‍കുന്ന് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ പങ്കെടുത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. പെരിങ്ങോം സിആര്‍പിഎഫ് ഡിഐജിയോട് വിശദീകരണം നല്‍കാനാണ് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഡിവൈഎഫ്‌ഐയുടെ മാരത്തണ്‍  പരിപാടിയിലാണ് ജവാന്മാര്‍ പങ്കെടുത്തത്. നൂറ് കണക്കിന് ജവാന്മാര്‍ ഔദ്യോഗിക വേഷത്തില്‍ കുടിവെള്ള വിതരണത്തിന് തയ്യാറായും എത്തി. സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ബിജെപി നേതാക്കള്‍ സിആര്‍പിഎഫ് ഡിഐജിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ അണിനിരന്ന ജവാന്മാര്‍ പിന്മാറുകയായിരുന്നു.

ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ടി. രാമകൃഷ്ണന്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. പങ്കെടുക്കാനെത്തിയ ജവാന്മാര്‍ക്കും അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സിആര്‍പിഎഫ് ക്യാമ്പിലെ സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ അന്വേഷിക്കണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുതത് സേനയുടെ പ്രതിഛായ കളങ്കപ്പെടുത്തി. നടപടി ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.