അഴിയൂര്‍ ബൈപ്പാസ് സ്ഥലമെടുപ്പ് പ്രശ്‌നം: ചര്‍ച്ച യോഗത്തില്‍ നിന്ന് കര്‍മ്മസമിതി ഇറങ്ങിപ്പോയി

Wednesday 16 May 2018 8:38 pm IST

 

മാഹി: നിര്‍ദ്ദിഷ്ട അഴിയൂര്‍ മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ റവന്യു വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് കര്‍മ്മസമിതി നേതാക്കളും പ്രവര്‍ത്തകരും ഇറങ്ങിപ്പോയി. ഇന്നലെ വടകര ലാന്റ് അക്യുസിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടറും സ്ഥലം എംഎല്‍എ സി.കെ.നാണുവും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. 

ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്കാണ് യോഗത്തിന് അറിയിപ്പ് നല്‍കിയത്. യോഗത്തില്‍ എംഎല്‍എയും കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കുടിയൊഴിപ്പിക്കുന്നവരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ യോഗത്തിനെത്തിയപ്പോഴാണ് ഇവരാരും പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ലാന്റ് അക്യുസിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും കര്‍മ്മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏതാനും സമയം വാക്കേറ്റം നടന്നു. യോഗം പ്രഹസനമാക്കി മാറ്റിയതായും മാര്‍ക്കറ്റ് വിലയും പുരധിവാസവും ഉറപ്പാക്കാതെ ഒരുകാരണവശാലും വീടും സ്ഥലവും വിട്ടുതരില്ലെന്ന് ബൈപ്പാസ് കര്‍മ്മസമിതി നേതാക്കളായ ആയിഷ ഉമ്മര്‍, രാജേഷ് അഴിയൂര്‍, കെ.പി.ഫര്‍സല്‍, എം.റാസിഖ് എന്നിവര്‍ പറഞ്ഞു. തഹസില്‍ദാര്‍ ടി.കെ.സതീഷ് കുമാര്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് എന്നിവരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം റവന്യു ഉദ്യോഗസ്ഥസംഘം അഴിയൂര്‍ ബൈപ്പാസില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ വീടുകള്‍ കയറി ഭീഷണി മുഴക്കിയതായി വ്യാപക പരാതിയുയര്‍ന്നതിനാലാണ് യോഗം വിളിച്ചുകൂട്ടിയത്. 

സമരം ശക്തമാക്കുമെന്ന് കര്‍മ്മസമിതി നേതാക്കള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി കലക്ടരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കര്‍മ്മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.കെ.നാണു അധ്യക്ഷത വഹിച്ചു. എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.