നാടോടി ബാലികക്കെതിരെ നടന്ന പീഡന ശ്രമം: ബന്ധുക്കളും പ്രതികളാകും

Wednesday 16 May 2018 8:45 pm IST

 

പയ്യന്നൂര്‍: നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബാലികയുടെ ബന്ധുക്കളും പ്രതികളാകും. കഴിഞ്ഞ പത്തിന് പുലര്‍ച്ചെ പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനടുത്ത് സ്റ്റേഡിയത്തിലെ വാഹന പാര്‍ക്കിംഗ് ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി കുടുംബത്തിലെ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് ബന്ധുക്കളും പ്രതികളാകുക. കേസിലെ പ്രതി പി.ടി.ബേബിരാജിനെ ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്. 

സിപിഎം പ്രവര്‍ത്തകനായ ഇയാളെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടിയും ചില പോലീസുകാരും ശ്രമിച്ചു എന്ന പരാതിയും ഉയര്‍ന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ബേബിരാജിനെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിടികൂടി കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരു അഭിഭാഷകന്‍ മുഖാന്തിരം ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് അരലക്ഷം രൂപയുടെ ചെക്ക് വാങ്ങി സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നാല്‍ നല്‍കിയ ചെക്ക് വണ്ടിച്ചെക്കാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസ് ഒതുക്കി തീര്‍ക്കുന്നതും കുറ്റകരമാണ്. അതിനാലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെയും അഭിഭാഷകനെയും കേസില്‍ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്. 

അഭിഭാഷകനും രണ്ടുപേരുമാണ് പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന തങ്ങളെ അഭിഭാഷകന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപേയി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.  പോലീസ് നിയമോപദേശം തേടിയതിന് ശേഷമാണ് കുട്ടിയുടെ ബന്ധുക്കളെയും അഭിഭാഷകനടക്കമുള്ളവരുടെയും പേരില്‍കേസെടുക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.