സംസ്ഥാനത്തെ ആദ്യ മത്സ്യകൂട് കൃഷി വിളവെടുപ്പ് 18ന്

Wednesday 16 May 2018 8:45 pm IST

 

ഇരിട്ടി: സംസ്ഥാനത്ത് ആദ്യമായി അണക്കെട്ടിലെ ജലാശയത്തില്‍ നടത്തിയ മത്സ്യക്കൂട് കൃഷിയുടെ ആദ്യവിളവെടുപ്പ് 18ന് വൈകുന്നേരം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കുമെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പായം പഞ്ചായത്തിലെ പെരുമ്പറമ്പില്‍ പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലാശയത്തില്‍ ആണ് മത്സ്യക്കൂട് കൃഷി നടത്തിവരുന്നത്. കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിയുടെ (ഫിര്‍മ) നേതൃത്വത്തില്‍ പെരുമ്പറമ്പ് കപ്പച്ചേരിയിലെ പഴശ്ശി ഫിഷ് ഫാം പുരുഷ സ്വാശ്രയസംഘം അംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന പ്രത്യേക രീതിയിലുള്ള കൂടുകളിലാണ് മത്സ്യം വളര്‍ത്തുന്നത്. മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്ക് മൂന്ന് കോടിയോളം രൂപയാണ് ചിലവ്. ഇത് ഫിര്‍മ്മയാണ് വഹിക്കുന്നത്. 

78 കൂടുകളാണ് ജലാശയത്തില്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും 14 കൂടുകളില്‍ മാത്രമാണ് ഇപ്പോള്‍ മത്സ്യകൃഷി നടത്തിയിരിക്കുന്നത്. പങ്കേഷ്യസ് (ആസാംവാള) വിഭാഗത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതില്‍ നിക്ഷേപിച്ചത്. ആറ് ടണ്ണോളം മത്സ്യം ആദ്യ വിളവെടുപ്പില്‍ ലഭിക്കും എന്നാണു കണക്കുകൂട്ടുന്നത്. ഈ മത്സ്യം ആവശ്യക്കാര്‍ക്ക് ഇവിടെവെച്ചുതന്നെ 5 കൗണ്ടറുകളിലായി വില്‍പ്പന നടത്തും. ആദ്യവിളവെടുപ്പിനു ശേഷം മറ്റുവിവിധ തരത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ മുഴുവന്‍ കൂടുകളിലും നിക്ഷേപിക്കുന്നതോടെ ജില്ലയിലാകെ ഇവിടെ നിന്നും മത്സ്യം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍.അശോകന്‍ പറഞ്ഞു. ചടങ്ങില്‍ അഡ്വ.സണ്ണിജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ലൈഫ് ഭാവനപദ്ധതിപ്രകാരം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ 26 വീടുകളുടെ താക്കോല്‍ദാന കര്‍മ്മവും വേദിയില്‍ വെച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫിര്‍മ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ.ശ്രീനേഷ്, ശ്രീരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സാവിത്രി, വി.കെ.പ്രേമരാജന്‍, പവിത്രന്‍ കരിപ്പായി, എ.കെ.നാരായണന്‍ എന്നിവരും പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.