സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമം: സര്‍ക്കാരും പോലീസും നോക്കുകുത്തിയായി: ബിജെപി

Wednesday 16 May 2018 8:47 pm IST

 

കണ്ണൂര്‍: കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പിണറായി സര്‍ക്കാരും പോലീസും വെറും നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍. മഹിളാമോര്‍ച്ച കണ്ണൂര്‍ ജില്ലാകമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഞ്ചുകുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെയാണ് കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടിട്ടും ഇടതു വലതുപക്ഷ മഹിളാസംഘടനകള്‍ മൗനം പാലിക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ക്കെതിരെപ്പോലും ശബ്ദം ഉയര്‍ത്തുന്ന ഇത്തരക്കാര്‍ കേരളത്തില്‍ നടക്കുന്ന സ്ത്രീപീഡനങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎം നടത്തുന്ന സ്ത്രീവിരുദ്ധ നടപടികളെ ജില്ലാ കമ്മറ്റിയോഗം അപലപിച്ചു. 

  23 ന് കണ്ണൂരില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ അമ്മുഅമ്മ അനുസ്മരണം നടത്തും. സിപിഎം ആക്രമണകാരികള്‍ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കണ്ണൂരിലെ ആദ്യ വനിതാ ബലിദാനിയാണ് അമ്മുഅമ്മ. ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. കണ്ണൂരില്‍ ചേര്‍ന്ന മഹിളാമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ ഭാരവാഹികളായ രമ അനില്‍കുമാര്‍, സ്മിത ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.