സിപിഎമ്മിന് സമം സിപിഎം മാത്രം

Thursday 17 May 2018 3:54 am IST
ഫസല്‍ വധം സിബിഐ അന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി ബോധ്യപ്പെട്ടത്. യഥാര്‍ത്ഥ പ്രതികളെ വലയിലാക്കാന്‍ സിബിഐക്ക് സാധിച്ചു. സിപിഎമ്മിന്റെ കണ്ണൂരിലെ കാതലായ കാരായിമാരാണ് പ്രതി ചേര്‍ക്കപ്പെട്ടത്.

ഇപ്പോള്‍ സിപിഎമ്മിന് സ്വാധീനം കേരളത്തില്‍ മാത്രം. പതിറ്റാണ്ടുകള്‍ ഭരണത്തിലിരുന്ന ത്രിപുരയും പശ്ചിമബംഗാളും സിപിഎമ്മിനോട് ലാല്‍സലാം പറഞ്ഞു. കേരളത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പാഠം ഉള്‍ക്കൊള്ളണമെന്ന് ആരും ഉപദേശിക്കും. പക്ഷേ സിപിഎം ആരുടെ ഉപദേശവും ഉള്‍ക്കൊള്ളാന്‍ ഒരുക്കമല്ല. ''എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല'' എന്ന ഭാവത്തിലാണവര്‍. 

ഭരണത്തിലേറി വര്‍ഷം രണ്ട് തികയാന്‍ പോകുന്നതേയുള്ളൂ. അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കുറ്റകൃത്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ രണ്ട് വര്‍ഷം തന്നെ ധാരാളം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ അധികാരത്തിലേറിയ ദിവസം തന്നെ തുടങ്ങിയ കൊലപാതകങ്ങള്‍ കേരളമാകെ വ്യാപിപ്പിച്ചിരിക്കുന്നു. സായുധരായ സഖാക്കള്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തള്ളുമ്പോള്‍ കാക്കിക്കുള്ളിലെ സഖാക്കള്‍ പോലീസ് സ്റ്റേഷനുകള്‍ കൊലക്കളമാക്കുന്നു. മൂന്നാം മുറകളും ഉരുട്ടലുകളും ചവിട്ടിക്കൊലകളും നിര്‍ബാധം നടക്കുന്നു. സഖാക്കളുടെ കുറ്റകൃത്യങ്ങളുടെ വാര്‍ത്ത ഇല്ലാത്ത ദിവസങ്ങളില്ല.

അതിനിടയിലാണ് പില്‍ക്കാല ഇടപെടലുകളുടെ ഞെട്ടിക്കുന്ന കഥകളുടെ ചുരുളഴിയുന്നത്. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് തലശേരി ഫസല്‍ വധം നടക്കുന്നത്. ഫസല്‍ ദേശാഭിമാനി പത്രത്തിന്റെ ഏജന്റായിരുന്നു. ദേശാഭിമാനി നിര്‍ത്തി ഫസല്‍ തേജസിന്റെ ഏജന്റായി. സിപിഎമ്മുമായി അകന്നു. എന്‍ഡിഎഫിന്റെ പ്രവര്‍ത്തകനായി. ഇതില്‍ പ്രകോപിതരായ സഖാക്കള്‍ ആസൂത്രണം ചെയ്തതാണ് ഫസലിന്റെ കൊലപാതകം. ഫസലിനെ കൊന്നത് ആര്‍എസ്എസ് കാരാണെന്ന് സഖാക്കള്‍ പ്രചരിപ്പിച്ചു. പോലീസ് ആ നിലക്ക് കേസെടുത്തു. പിന്നീടാണ് കൊല നടത്തിയത് സഖാക്കളാണെന്ന് പോലീസിന് ബോദ്ധ്യപ്പെട്ടത്. അതിനെത്തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോയ പോലീസിനെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിരട്ടി. അന്വേഷണം മതിയാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ആജ്ഞാപിച്ചു. അറച്ചു നിന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണനെ ഡിവൈഎഫ്‌ഐക്കാര്‍ ചവിട്ടിക്കൂട്ടി. അര്‍ഹിക്കുന്ന പ്രമോഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട രാധാകൃഷ്ണന്‍ കൊന്നാലും ഞാന്‍ സത്യം പറയുമെന്ന നിലപാടിലാണിപ്പോള്‍. ഡിവൈഎഫ്‌ഐക്കാര്‍ കാലിനേല്‍പ്പിച്ച ക്ഷതവുമായി കഴിയുന്ന രാധാകൃഷ്ണന്‍  പറയുന്നത് പക്ഷേ ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്കത് 

ദഹിക്കുന്നില്ല.

ഫസല്‍ വധം സിബിഐ അന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി ബോധ്യപ്പെട്ടത്. യഥാര്‍ത്ഥ പ്രതികളെ വലയിലാക്കാന്‍ സിബിഐക്ക് സാധിച്ചു. സിപിഎമ്മിന്റെ കണ്ണൂരിലെ കാതലായ കാരായിമാരാണ് പ്രതി ചേര്‍ക്കപ്പെട്ടത്.

ഫസല്‍ കേസിന് സമാനമായ സംഭവമാണ് മാഹിയില്‍ അടുത്തിടെ ഉണ്ടായത്. മാഹിയില്‍ വധിക്കപ്പെട്ട ബാബു സംഘപരിവാറിന്റെ ശത്രുവല്ലെന്ന് മാത്രമല്ല സിപിഎമ്മുമായി അകന്നിട്ട് കാലം കുറേയായി. മാഹി ബൈപാസുമായി ബന്ധപ്പെട്ട് മാതൃകാപരമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്ന ബാബുവിനെ ബിജെപി ആദരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസാണ് പൊന്നാട അണിയിച്ചത്. തുടര്‍ന്ന് സംഘപരിവാര്‍ വേദിയില്‍ ബാബു സന്തോഷത്തോടെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയോടകന്നതിന്റെ പ്രതികാരത്തെത്തുടര്‍ന്ന് ബാബുവിനെ വധിച്ചത് സിപിഎം അല്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ബാബു മരിച്ച് ഒരു മണിക്കൂര്‍ പോലും തികയും മുമ്പ് ബിജെപി പ്രവര്‍ത്തകന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ബാബുവിനെ കൊന്ന അക്രമി സംഘം തന്നെയല്ലെ ബിജെപി പ്രവര്‍ത്തകനെയും കൊന്നതെന്ന ചോദ്യത്തിന് എന്നെങ്കിലും ഉത്തരം ലഭിക്കാതിരിക്കില്ല.

ബാബുവിന്റെ മരണത്തിന്റെ പേരില്‍ ഇപ്പോള്‍ പിടിക്കപ്പെട്ടത് സിപിഎം നല്‍കിയ പട്ടിക പ്രകാരമുള്ളവരാണ്. സിപിഎം നേതാക്കള്‍ മാഹി പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തിയെന്നതില്‍ ഒട്ടും സംശയമില്ല.

സിപിഎം അങ്ങനെയാണ്: ആടിനെ പട്ടിയാക്കും പട്ടിയെ പേപ്പട്ടിയുമാക്കും. തല്ലിക്കൊല്ലാന്‍ എളുപ്പം അതാണല്ലോ. ഇപ്രകാരം കൊല നടത്തിയ സംഭവങ്ങള്‍ നിരവധിയാണ്. പാര്‍ട്ടിക്കുവേണ്ടി തന്തയേയും തള്ളയേയും വരെ വകവരുത്താന്‍ മടിക്കാത്ത ഒരു കക്ഷി സിപിഎം അല്ലാതെ മറ്റൊന്നില്ല. മനുഷ്യത്വത്തെ കുറിച്ച് വാചാലരാകുന്ന നേതാക്കള്‍ മനുഷ്യത്വമെന്നത് അങ്ങാടിമരുന്നോ ഇംഗ്ലീഷ് മരുന്നോ എന്നുപോലും നിശ്ചയമില്ലാത്തവരാണ്. മാഹിയിലെ കൊലയെക്കുറിച്ച് നെഞ്ചത്തടിക്കുന്നവര്‍ നിരപരാധിയായ ബിജെപി പ്രവര്‍ത്തകനെ കൊന്നതിനെ ന്യായീകരിക്കുകയാണ്. എം.വി. ഗോവിന്ദനും പി. ജയരാജനും പിണറായി വിജയനും മാത്രമല്ല എം.എ ബേബിക്കുപോലും ബിജെപിക്കാരനെ വെട്ടി നുറുക്കിയതില്‍ ആഹ്ലാദമാണ്. ഇങ്ങനെയൊരു നേതൃത്വമുണ്ടോ? അതാണ് പറഞ്ഞത് സിപിഎമ്മിന് സമം സിപിഎം മാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.