പീഡനക്കേസ് ഒതുക്കാന്‍ വിസമ്മതിച്ചതിന് ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവം: മുന്‍ വൈദികനെതിരെ കേസ്

Wednesday 16 May 2018 9:04 pm IST

 

പയ്യാവൂര്‍: പീഡനക്കേസ് ഒതുക്കാന്‍ വിസമ്മതിച്ച ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍വൈദികനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശ്രീകണ്ഠപുരം എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. വയത്തൂര്‍ കാലാങ്കിയിലെ തെക്കേമുറിയില്‍ സണ്ണി വര്‍ഗ്ഗീസ് (49), നുച്ച്യാട് അലവിക്കുന്നിലെ പിഎന്‍.റോയ് (38)എന്നിവരെയാണ് അറസ്റ്റുചെയ്തത്. 

2017 മെയ് 29ന് ചാപ്പകടവിലെ തോട്ടത്തില്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍നിന്നും 175 ഗ്രാം കഞ്ചാവ് ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ജോസഫും കുടുംബവും വ്യക്തമാക്കിയിരുന്നു. 

സംഭവത്തില്‍ ജോസഫും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സണ്ണി വര്‍ഗ്ഗീസ്, റോയി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളപ്പെട്ടതോടെയാണ് ചൊവ്വാഴ്ച ഇരുവരും അറസ്റ്റിലായത്.

സണ്ണി വര്‍ഗ്ഗീസിന്റെ സഹോദരന്‍ ജയിംസ് ഇരിട്ടി സെമിനാരിയില്‍ വികാരിയായിരുന്നു. ഇയാള്‍ സെമിനാരിയിലെ ഒരു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ജോസഫ് രംഗത്ത് വന്നതാണ് ഇയാളോട് വൈരാഗ്യത്തിന് കാരണമായത്. കേസൊതുക്കാന്‍ അണിയറില്‍ ശ്രമം നടന്നെങ്കിലും ഫലിക്കാതെ വന്നപ്പോള്‍ ജയിംസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ സഭയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ഹൈദരാബാദില്‍ ജോലിചെയ്യുന്ന കന്യാസ്ര്തീയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയാഗിച്ചാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഇവര്‍ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സഹേദരനെ ഏല്‍പ്പിച്ചിരുന്നു. ഇയാളില്‍നിന്നും ഇത് കൈക്കലാക്കിയാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഫാ.ജയിംസും സണ്ണിയും ഗൂഡാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ സണ്ണിവര്‍ഗ്ഗീസ് പോസ്റ്റ് മാസ്റ്ററാണ്. റോയി മെഡിക്കല്‍ സ്‌റ്റോര്‍ ജിവനക്കാരനാണ്. വൈദികനെ ഉടന്‍ അറസ്റ്റചെയ്യുമെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.