വനംവകുപ്പ് ഓഫീസ് ആക്രമണം: സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Thursday 17 May 2018 3:05 am IST

കോതമംഗലം: വടാട്ടുപാറയില്‍ വനംവകുപ്പ് ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ചോളം സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കുട്ടമ്പുഴ പോലീസ് കേസെടുത്തു.  സിപിഐ നേതാക്കളായ എം.കെ. രാമചന്ദ്രന്‍, അനസ്, മനേഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓഫീസില്‍ക്കയറി ബഹളമുണ്ടാക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കേസില്‍ തിടുക്കപ്പെട്ട് നടപടികള്‍ വേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്നും കുട്ടമ്പുഴ പോലീസിന് നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്‍ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം കുറ്റപത്രം കോടതിക്ക് കൈമാറുന്നതിനാണ് പോലീസ് നീക്കമെന്നാണ് സൂചന.

പെരിയാറില്‍ ഇറങ്ങിയ പാര്‍ട്ടിയുടെ മുനിസിപ്പല്‍ കൗണ്‍സിലറെയും കുടുബാംഗങ്ങളെയും വനംവകുപ്പ് ജീവനക്കാര്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് ഫോറസ്റ്റ് സ്റ്റേഷനിലെത്തി സിപിഐ നേതാക്കള്‍ ബഹളമുണ്ടാക്കിയത്. ഡെപ്യൂട്ടി റെയ്ഞ്ചറെ കണ്ട്  പ്രതിഷേധമറിയിക്കുന്നതിനാണ് നേതാക്കള്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. ഇരുകൂട്ടരും സംസാരിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയിലെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യത്തില്‍ നിന്ന് ഇത് വ്യക്തമാണ്.

സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട പോലീസ് വാഹനം ഒന്നര മണിക്കൂറോളം വഴിയില്‍ തടഞ്ഞിട്ടിരുന്നു. ഈ സംഭവത്തിലുള്‍പ്പെട്ടവരും കേസില്‍ പ്രതികളാണ്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച സംഘര്‍ഷാവസ്ഥ മണിക്കൂറുകളോളം നീണ്ടു. സംഭവത്തില്‍ പരിക്കേറ്റ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കോഴിക്കോട് കോട്ടൂര്‍ ചെറുമാന്‍തോട് വീട്ടില്‍ എ. പ്രഭാകരന്‍, ഫോറസ്റ്റര്‍ ആലപ്പുഴ തൃക്കുന്നപ്പുഴ തെക്കെകാട്ടില്‍ പറമ്പില്‍ അരുണ്‍കുമാര്‍ (28) എന്നിവര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികത്സയിലാണ്.

അപകട മരണം തുടര്‍ക്കഥയായ വടാട്ടുപാറ പലവന്‍പിടി ഈറ്റക്കടവില്‍ ഞായറാഴ്ച കുളിക്കാനിറങ്ങിയ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുള്‍പ്പട്ട സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി തങ്ങള്‍ തിരിച്ചയച്ചിരുന്നെന്നും ഇവരെ അപമാനിച്ചിട്ടില്ലന്നുമാണ്  പരിക്കേറ്റ് ആശുപത്രിയില്‍ക്കഴിയുന്ന ജീവനക്കാരുടെ വിശദീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.