തൊഴില്‍ നയത്തിന് അംഗീകാരം; അമിത കൂലി വാങ്ങിയാല്‍ നടപടി

Thursday 17 May 2018 3:15 am IST

തിരുവനന്തപുരം: തൊഴില്‍മേഖലകളിലെ അനാരോഗ്യപ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി പുതിയ തൊഴില്‍ നയത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കുന്ന തൊഴില്‍ നയമാണ് നിലവില്‍ വന്നത്. പുതിയ തൊഴില്‍ നയത്തോടെ തൊഴില്‍ മേഖലയിലെ എല്ലാ അനാരോഗ്യ പ്രവണതകളും അവസാനിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങിയാല്‍ നടപടി സ്വീകരിക്കും. തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും.  മിന്നല്‍ പണിമുടക്കുകള്‍ നിരുത്സാഹപ്പെടുത്തും. 

കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. മറ്റിതര തൊഴിലാളികള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഏര്‍പ്പെടുത്തും. 

എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍  സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കണക്ക് എടുക്കാനും തീരുമാനിച്ചു. നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല. പുതുക്കിയ ശമ്പളം നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.