ഒപിയില്‍ ഡോക്ടര്‍മാരില്ല; ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Wednesday 16 May 2018 9:23 pm IST

 

കണ്ണൂര്‍: ഒപി വിഭാഗത്തില്‍ ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ജില്ലയുടെ വിവിധ മേഖലയില്‍ നിന്നും ഇവിടെ ചികിത്സതേടിയെത്തുന്നുത്. എന്നാല്‍ ഒപിയില്‍ വല്ലപ്പോഴും ഡോക്ടറെത്തിയാലെത്തി എന്ന സ്ഥിതിയാണിപ്പോഴുള്ളത്. 

രണ്ടാഴ്ചയോളമായി ഈ സ്ഥിതി തുടങ്ങിയിട്ട്. മണിക്കുറുകളോളം കാത്തുനിന്നാണ് ചില ദിവസങ്ങളില്‍ രോഗികള്‍ ഡോക്ടര്‍മാരെ കാണുന്നത്. ഡ്യൂട്ടിയിലുണ്ടാക്കുന്ന ഡോക്ടര്‍മാരുടെപേരുവിവരങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാത്തതിനാല്‍ രോഗികളായിട്ടുള്ള വൃദ്ധജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഡോക്ടര്‍മാര്‍ ഇല്ലെന്ന കാര്യം അറിയുന്നത്. 

സംഭവം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കിലും നടപടികളൊന്നും സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വകുപ്പ് മന്ത്രിയുടെ നാട്ടിലെ ജില്ലാ ആശുപത്രിയുടെ സ്ഥിതി ഏറെ ശോചനീയാവസ്ഥയിലായിട്ടും മന്ത്രി തിരിഞ്ഞുനോക്കാത്തതും പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

വേനല്‍ മാഴ ശക്തമായതോടെ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ച വ്യാധികള്‍വ്യാപകമായിട്ടുണ്ട്. മലയോര മേഖലകളില്‍ മലമ്പനി തുടങ്ങിയവയും വ്യാപകമാണ്. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരാള്‍ കൊട്ടിയൂരില്‍ മരണപ്പെട്ടിരുന്നു. പ്രശ്‌നം ഗുരുതരമായിട്ടും ജില്ലയിലെ പല പിഎച്ച്‌സി, സിഎച്ച്‌സികളിലും ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. ഇത് സ്വകാര്യ ആശുപത്രികളും ചില സഹകരണ ആശുപത്രികളും മുതലെടുക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.