വിരമിക്കുന്ന ദിവസം ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനൊപ്പം വാദം കേള്‍ക്കും

Thursday 17 May 2018 2:41 am IST
വിരമിക്കുന്ന ദിവസം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം തന്നെ വാദം കേള്‍ക്കും. ഈ മാസം 22നാണ് ജഡ്ജിമാരില്‍ രണ്ടാമനായ ചെലമേശ്വര്‍ വിരമിക്കുന്നത്. സുപ്രീംകോടതി വേനലവധിയിലേക്കു പ്രവേശിക്കുന്നതിനാല്‍ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം

ന്യൂദല്‍ഹി: വിരമിക്കുന്ന ദിവസം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം തന്നെ വാദം കേള്‍ക്കും. ഈ മാസം 22നാണ് ജഡ്ജിമാരില്‍ രണ്ടാമനായ ചെലമേശ്വര്‍ വിരമിക്കുന്നത്. സുപ്രീംകോടതി വേനലവധിയിലേക്കു പ്രവേശിക്കുന്നതിനാല്‍ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം.

സുപ്രീംകോടതിയിലെ കീഴ്വഴക്കമനുസരിച്ച് വിരമിക്കുന്ന ജഡ്ജിമാര്‍ അവരുടെ അവസാന പ്രവൃത്തി ദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്ന പതിവുണ്ട്. ചീഫ് ജസ്റ്റിസിനോടുള്ള പ്രതിഷേധസൂചകമായി ചെലമേശ്വര്‍ ഇത് ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വിരമിക്കുന്നതിന് മുന്നോടിയായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ നടത്താറുള്ള യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്നു ചെലമേശ്വര്‍ നേരത്തേ അറിയിച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും തീരുമാനം മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

ഇന്നലത്തെ സുപ്രീംകോടതി ഔദ്യോഗിക രേഖയനുസരിച്ച് 18-ാം തീയതി ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനൊപ്പം ബെഞ്ചില്‍ വാദം കേള്‍ക്കാനിരിക്കും. ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പത്രസമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാളാണ് ചെലമേശ്വര്‍. അദ്ദേഹത്തിന്റെ വസതിയിലായിരുന്നു പത്രസമ്മേളനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.