സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കും: മുഖ്യമന്ത്രി

Thursday 17 May 2018 3:04 am IST
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ കൈകാര്യം ചെയ്യാനാണ് പ്രത്യേക വകുപ്പ് രൂപീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ത്രീ സംഘടനകള്‍ മുന്നോട്ടു വരണം. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരോട് സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കും. 

ദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കും. ഉദ്യോഗസ്ഥകളുുടെ കുഞ്ഞുങ്ങള്‍ക്ക് ക്രഷുകള്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്നിവയും എറണാകുളത്ത് ഷീ ലോഡ്ജും സ്ഥാപിക്കും. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി. മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ സമൂഹം നല്ല ജാഗ്രത കാണിക്കണം. മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയാണ്. ഒരു തലമുറയെ ഇല്ലാതാക്കാന്‍ മാഫിയകള്‍ സ്‌കൂളുകള്‍ കേന്ദ്രമാക്കി ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കുട്ടികളുടെ കൂടെ കൂടുതല്‍  സമയം ചെലവഴിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണമെന്നും സ്‌കൂളുകളില്‍ സമൂഹത്തിന്റെ ഇടപെടലും ജാഗ്രതയും ഉണ്ടാകണമെന്നു  മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.