സഹകരണ ബാങ്ക് അഴിമതി; വിജിലന്‍സ് അന്വേഷിക്കും

Thursday 17 May 2018 3:07 am IST
ഇടുക്കി ബാലഗ്രാം സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉടുമ്പന്‍ചോല കരുണാപുരം ബാലഗ്രാം കൊച്ചുപറമ്പില്‍ വീട്ടില്‍ കെ.എസ്. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

മൂവാറ്റുപുഴ: ഇടുക്കി ബാലഗ്രാം സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉടുമ്പന്‍ചോല കരുണാപുരം ബാലഗ്രാം കൊച്ചുപറമ്പില്‍ വീട്ടില്‍ കെ.എസ്. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

ബാലഗ്രാം സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ബോര്‍ഡംഗങ്ങള്‍, സെക്രട്ടറി, മുന്‍ ബോര്‍ഡംഗങ്ങള്‍, മുന്‍ സെക്രട്ടറി, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.  ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, ചുമതലകള്‍ നിര്‍വഹിക്കുന്നതിലുണ്ടായ വീഴ്ച എന്നീ ആരോപണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. വിശദമായ അന്വേഷണത്തെതുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ക്രമക്കേടുകള്‍ അഴിമതി നിരോധനവകുപ്പിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ പറയുന്നു. 

ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തില്‍ ചെക്ക് കളക്ഷന് അയയ്ക്കാതെ വാങ്ങി ബാങ്കില്‍നിന്ന് കക്ഷികള്‍ക്ക് പണം കൊടുക്കുക, ഒരേ ചെക്ക് ഒന്നിലധികം തവണ ഹാജരാക്കി പണം വാങ്ങുക, അര്‍ഹതയില്ലാതെ അറ്റന്‍ഡറെ പ്യൂണായി നിയമിക്കുക, ചിട്ടി ലേലത്തില്‍ കുടിശികക്കാരെ പങ്കെടുപ്പിക്കുക, വ്യാജ ആധാരങ്ങള്‍ വാങ്ങി ലോണ്‍ നല്‍കുക, ഈട് വാങ്ങാതെ പണം നല്‍കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയ രേഖകളും കോടതിയില്‍ ഹാജരാക്കി. ബാങ്കിനായി പണിതിട്ടുള്ള ഓഫീസ് ഗോഡൗണിന്റെ നിര്‍മ്മാണത്തിലെ അഴിമതി, കൃഷി വിഭാഗം കര്‍ഷകര്‍ക്ക് നല്‍കാനുള്ള 46 ലക്ഷം രൂപയുടെ ക്രമക്കേട്, അംഗമല്ലാത്ത ആള്‍ക്ക് ലോണ്‍ നല്‍കിയതിലെ ക്രമക്കേട്, സിമന്റ് വില്‍പ്പനയിലെ അഴിമതി തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ജൂലൈ 2നകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാന്‍ വിഎസിബി ഇടുക്കി യൂണിറ്റിനോട് ജഡ്ജി ബി. കലാംപാഷ ആവശ്യപ്പെട്ടു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.