ചരിത്രം കൈപ്പിടിയിലൊതുക്കിയ ഗോളി

Thursday 17 May 2018 3:21 am IST
ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു ഗോള്‍ കീപ്പര്‍ക്കും നാളിതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത ഒരു റെക്കോഡിന് അവകാശിയാണ് ജര്‍മ്മനിയുടെ വിഖ്യാതനായ ഒളിവര്‍ കാന് സ്വന്തമായിട്ടുള്ളത്. 2002ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകപ്പിലാണ് ഒളിവര്‍ കാന്‍ ചരിത്രം കുറിച്ചത്

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു ഗോള്‍ കീപ്പര്‍ക്കും നാളിതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത ഒരു റെക്കോഡിന് അവകാശിയാണ് ജര്‍മ്മനിയുടെ വിഖ്യാതനായ ഒളിവര്‍ കാന് സ്വന്തമായിട്ടുള്ളത്. 2002ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകപ്പിലാണ് ഒളിവര്‍ കാന്‍ ചരിത്രം കുറിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപാദുകം നേടിയാണ് കാന്‍ ചരിത്രത്തിന്റെ ഭാഗമായത്. അതിനു മുന്‍പോ, അതിനുശേഷമോ മറ്റൊരു ഗോള്‍കീപ്പര്‍ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണഗതിയില്‍ മുന്നേറ്റനിരക്കാരനോ പ്ലേ മേക്കറോ ആയിരുന്നു മിക്ക ലോകകപ്പിലും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപന്ത് നേടിയിരുന്നത്. പ്രതിരോധനിരക്കാരന്‍ പോലും സാധാരണ ഇതിന് അര്‍ഹനാകുമായിരുന്നില്ല.

ജര്‍മ്മനിയുടെ ഫെനല്‍ വരെയുള്ള കുതിപ്പില്‍ എതിരാളികള്‍ക്ക് ഒരിക്കല്‍ മാത്രമാണ്് ഒളിവര്‍ കാനെ കീഴടക്കാന്‍ കഴിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡാണ് ഒരു ഗോള്‍ ഒളിവര്‍ കാനെ കീഴടക്കി പന്ത് വലയിലെത്തിച്ചത്. പിന്നീട് ഫൈനല്‍ വരെയുള്ള കുതിപ്പില്‍ ഒളിവര്‍ കാനെ കീഴ്‌പ്പെടുത്തി വല കുലുക്കാന്‍ ഒരു ടീമിനും കഴിഞ്ഞില്ല. ഒടുവില്‍ ഫൈനലില്‍ ബ്രസീലിന് മുന്നിലാണ് കാന്‍ തോല്‍വി സമ്മതിച്ചത്. 67, 79 മിനിറ്റുകളില്‍ റൊണാള്‍ഡോയാണ് ഒളിവര്‍ കാനെ കീഴ്‌പ്പെടുത്തി ഫൈനലിലെ രണ്ട് ഗോളുകള്‍ നേടിയത്.

1994-ല്‍ ജര്‍മ്മനിയുടെ ദേശീയ ടീമില്‍ ഇടംനേടിയെങ്കിലും ആ വര്‍ഷം ഒരിക്കല്‍ പോലും കളിക്കാന്‍ കഴിഞ്ഞില്ല. 1995 ജൂണ്‍ 23ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് കാന്‍ ആദ്യമായി ദേശീയ ജേഴ്‌സിയണിഞ്ഞത്. പിന്നീട് 2006 വരെയുള്ള കാലഘട്ടത്തില്‍ ജര്‍മ്മനിക്കായി 86 മത്സരങ്ങളില്‍ ഒളിവര്‍ കാന്‍ ഗോള്‍വല കാത്തു. ഒരു പ്രതിരോധനിര താരത്തിന്റെകൂടി പ്രകടനമാണ് ഒളിവര്‍ കാന്‍ പലപ്പോഴും ജര്‍മ്മനിക്കായി നടത്തിയത്. പ്രതിരോധനിരയ്ക്കുണ്ടാകുന്ന പാളിച്ചകള്‍ അഡ്വാന്‍സ് ചെയ്ത് കയറി അപകടം ഒഴിവാക്കുന്നതില്‍ ഒളിവര്‍ കാനുള്ള കഴിവ് അപാരമായിരുന്നു. എന്നാല്‍ ഒരു ലോകകപ്പില്‍ കിരീടം നേടിക്കൊടുക്കാന്‍ ജര്‍മ്മനിയുടെ ഈ വിഖ്യാത ഗോള്‍കീപ്പര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ 1996ലെ ഇംഗ്ലണ്ട് യൂറോ കപ്പില്‍ കിരീടം നേടിയ ജര്‍മ്മന്‍ ടീമില്‍ ഒളിവര്‍ കാന്‍ അംഗമായിരുന്നു. റിസര്‍വ് ഗോളിയായിട്ടായിരുന്നു അന്ന് ഒളിവര്‍ കാന് ടീമില്‍ ഇടം നേടിയത്. ഒന്നാം നമ്പര്‍ ഗോളി ആന്ദ്രെ കോപ്‌കെയായിരുന്നു യൂറോ 1996-ല്‍ ജര്‍മ്മനിക്കായി ഗോള്‍വല കാത്തത്. 

യൂറോ കപ്പിനുശേഷം കോപ്‌കെ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞശേഷം ഒളിവര്‍ കാന്‍ ജര്‍മ്മനിയുടെ ഒന്നാം നമ്പര്‍ ഗോളിയായി. 2000ലെ യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ദയനീയ തോല്‍വിക്കുശേഷം അന്നത്തെ ക്യാപ്റ്റന്‍ ഒളിവര്‍ ബെയ്‌റോഫ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ നായക പദവിയും ഒളിവര്‍ കാനെ തേടിയെത്തി. 2002ലെ ലോകകപ്പിലാണ് ഒളിവറിന്റെ വിഖ്യാത പ്രകടനം കാല്‍പ്പന്തുകളി ലോകം കണ്ടത്. ഈ പ്രകടനമാണ് ഒളിവര്‍ കാന് മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപാദുകം നേടിക്കൊടുത്തത്.  ഈ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള യാഷിന്‍ അവാര്‍ഡും ഒളിവര്‍ കാനു സ്വന്തമായി. ആ ലോകകപ്പിലെ ഓള്‍ സ്റ്റാര്‍ ടീമിന്റെ ഗോളിയും ഒളിവര്‍ കാനായിരുന്നു. 

2004ലെ യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ ഒളിവര്‍ കാന്‍ ജര്‍മ്മനിയുടെ നായക സ്ഥാനം ഒഴിഞ്ഞു. 2005ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ജര്‍മ്മന്‍ടീമിലും ഒളിവര്‍കാന്‍ ജര്‍മ്മന്‍ ടീമിലുണ്ടായിരുന്നു. 2006ലെ ലോകകപ്പിലും ഒളിവര്‍ കാന്‍ ജര്‍മ്മന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ അന്ന് ഒന്നാം നമ്പര്‍ ഗോളിയായിരുന്നത് ലേ മാനായിരുന്നു.

ഒൡവര്‍ കാനെ തേടി നിരവധി ബഹുമതികള്‍ വന്നെത്തി. 1994, 1997, 1998, 1999, 2000, 2001, 2002 വര്‍ഷങ്ങളില്‍ ജര്‍മ്മന്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍,  1999, 2000, 2001, 2002 വര്‍ഷങ്ങളില്‍ ബെസ്റ്റ് യൂറോപ്യന്‍ ഗോള്‍കീപ്പര്‍,  1999, 2000, 2001, 2002വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യുവേഫ ക്ലബ്ഫുട്‌ബോള്‍ അവാര്‍ഡ്, 2001ലെ യുവേഫ ചാമ്പ്യന്‍”ലീഗ് ഫുട്‌ബോള്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ബഹുമതി, 2000, 2001 വര്‍ഷങ്ങളില്‍ ജര്‍മ്മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, 2001, 2002 വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ മൂന്നാംസ്ഥാനം എന്നിവ ഒളിവര്‍ കാനായിരുന്നു.

1975-ല്‍ കാള്‍സ്‌റുഹറിലൂടെയാണ് ഒളിവര്‍ കാന്‍ യൂത്ത് കരിയര്‍ തുടങ്ങിയത്. 1987-ല്‍ സീനിയര്‍ ടീമില്‍ അംഗമായി. 1994 വരെ അവിടെ തുടര്‍ന്ന താരം അതേവര്‍ഷം വമ്പന്മാരായ ബയേണ്‍ മ്യുണിക്കിന്റെ ഗോള്‍വല കാത്തു. 2007-08 വരെ അവിടെ തുടര്‍ന്ന ഒളിവര്‍ ബയേണിനായി ആകെ 632 മത്സരങ്ങളിലാണ് ഗോള്‍വല കാത്തത്. ബയേണിനൊപ്പം എട്ട് ബുന്ദസ്‌ലീഗ് കിരീടങ്ങളും ഒന്നു വീതം ചാമ്പ്യന്‍സ് ലീഗ്, യുവേഫ കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, ആറ് ലീഗ് കപ്പ്, അഞ്ച് ജര്‍മ്മന്‍ കപ്പ് എന്നിവയും ഒളിവര്‍ കാന്‍ നേടിയിട്ടുണ്ട്. 

ലോകം കണ്ട എക്കാലത്തെയും മികച്ച ഗോളിമാരിലൊരാളായാണ് ഒളിവര്‍ കാനെ കാല്‍പ്പന്തുകളി ലോകം കണക്കാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.