രണ്ടു മക്കളെ ബക്കറ്റില്‍ മുക്കി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; മൂത്ത പെണ്‍കുട്ടി മരിച്ചു; ഇളയ മകന്‍ ഗുരുതരാവസ്ഥയില്‍

Thursday 17 May 2018 3:56 am IST
ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളെ ബക്കറ്റില്‍ മുക്കിയശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ഒന്നരവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പുറമേരി കക്കംവെള്ളിയില്‍ കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ മൂത്തമകള്‍ ഇന്‍ഷാ ലാമിയ (3)ആണ് മരിച്ചത്

നാദാപുരം: ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളെ ബക്കറ്റില്‍ മുക്കിയശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ഒന്നരവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പുറമേരി കക്കംവെള്ളിയില്‍ കുളങ്ങരത്ത് മുഹമ്മദ്  ഖൈസിന്റെ മൂത്തമകള്‍ ഇന്‍ഷാ ലാമിയ (3)ആണ് മരിച്ചത്. ഇളയ മകന്‍ അമന്‍ സയാന്‍(ഒന്നര) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സഫൂറ (25)യെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. സഫൂറയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച്ച ഉച്ചയ്ക്ക് 12നാണ് സംഭവം. പുറമേരിയിലെ ഭര്‍തൃ വീട്ടിലാണ് സഫൂറയും കുട്ടികളും താമസിച്ചിരുന്നത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെ കഞ്ഞി കൊടുക്കാനെന്ന് പറഞ്ഞു മുകളിലത്തെ മുറിയിലെത്തിച്ചു. 

മൂത്തകുട്ടിയുടെ കയ്യും കാലും ബന്ധിച്ചശേഷം കുളിമുറിയിലെ ബക്കറ്റില്‍ മുക്കി. മരണം ഉറപ്പാക്കിയ ശേഷം രണ്ടാമത്തെ കുട്ടിയെയും ബക്കറ്റിലെ വെള്ളത്തിലേക്ക് തള്ളി. ഇളയകുട്ടിയും മരിച്ചെന്ന് കരുതി സഫൂറ രണ്ട് കൈകളിലേയും ഞരമ്പ് മുറിച്ചു. അതിനുശേഷം താഴെ എത്തി ഭര്‍തൃ സഹോദരി നൗഷിദയോട് കുട്ടികളെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോകുന്നുവെന്നും പറഞ്ഞു. വീട്ടുകാര്‍ ബഹളം വെച്ചതോടെ  അയല്‍വാസികള്‍ എത്തി കൂട്ടികളെയും സഫൂറയെയും  നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ആശുപത്രിയില്‍ എത്തുമ്പോഴേക്കും മൂത്ത കുട്ടി മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇളയ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്.

നാദാപുരം ഡിവൈഎസ്പി ഇ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഫൂറയുടെ പേരില്‍ കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന ഭീതികാരണമാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് യുവതി പറഞ്ഞിട്ടുള്ളതെന്ന്  പോലീസ് അറിയിച്ചു. ദുബൈയിലുള്ള സഫൂറയുടെ ഭര്‍ത്താവ് മുഹമ്മദ് ഖൈസ് ഇന്ന് നാട്ടിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.