ജന്മഭൂമി പുരസ്‌കാരം പ്രഖ്യാപിച്ചു

Thursday 17 May 2018 4:15 am IST
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ജന്മഭൂമി പുരസ്‌കാരം പ്രഖ്യാപിച്ചു

കൊച്ചി: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ജന്മഭൂമി പുരസ്‌കാരം പ്രഖ്യാപിച്ചു. എ.വി. പുരുഷോത്തമ കമ്മത്ത് (കാര്‍ഷികം), വി.എസ്. രാമകൃഷ്ണന്‍ (സാംസ്‌കാരികം), ഡോ.എസ്.കെ. സുന്ദരമൂര്‍ത്തി (ആരോഗ്യം), രാഹുല്‍ വി.രാജ് (കായികം) എന്നിവര്‍ക്കും സേവന മേഖലയ്ക്കുള്ള പുരസ്‌കാരം കോതമംഗലത്തെ സേവാകിരണും നല്‍കും. മെയ് 18ന് കൊച്ചിയില്‍ നടക്കുന്ന ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌ക്കാരദാന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഗ്രാമ വികസനത്തിനും ലക്ഷ്യമിട്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-സാഹിത്യ-സേവന സൊസൈറ്റിയാണ് സേവാകിരണ്‍. ആശാകിരണ്‍ കൗണ്‍സലിങ് സെന്റര്‍, ഔട്‌റീച്ച് ട്രൈബല്‍ കൗണ്‍സലിങ് സര്‍വീസ്, ആശാകിരണ്‍ ട്രെയിനിങ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ പ്രോജക്ടുകള്‍ എന്നിവ ആശാകിരണിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രഗതി ബാലഭവന്‍ ഈ സൊസൈറ്റിയുടെ പ്രവൃത്തിപഥത്തിലെ നേട്ടങ്ങളുടെ മികച്ച തെളിവാണ്.

പ്രകൃതിക്കു വേണ്ടി പ്രകൃതിയോടൊപ്പം ജീവിക്കുന്ന യഥാര്‍ഥ കര്‍ഷകരുടെ പ്രതിനിധിയാണ് എറണാകുളം കാരണക്കോടം സ്വദേശി എ. വി. പുരുഷോത്തമ കമ്മത്ത്. സ്വന്തം പുരയിടത്തെ പ്രകൃതിസര്‍വകലാശാലയാക്കി മാറ്റിയ കമ്മത്ത്, വംശനാശം സംഭവിക്കുന്നവയുള്‍പ്പെടെ 2000  സസ്യങ്ങളുടെ സംരക്ഷകനാണ്.

പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച ഫുട്‌ബോള്‍ ക്യാപ്റ്റനാണ് രാഹുല്‍ വി.രാജ്. പ്രതിരോധനിരയില്‍ കേരളത്തിന്റെ കരുത്തായി നിന്നതിനൊപ്പം രാഹുല്‍ കാണിച്ച മികച്ച നേതൃപാടവവും കേരളത്തിന് ദേശീയ കിരീടം കിട്ടാന്‍ കാരണമായി. തൃശ്ശൂര്‍ വാടാനപ്പള്ളി വൈലപ്പള്ളി വീട്ടില്‍ രാജേന്ദ്രന്റേയും ഷീജയുടേയും മകനായ രാഹുല്‍, തൃത്തല്ലൂര്‍ വീര സവര്‍ക്കര്‍ ക്‌ളബ്ബിലൂടെയാണ് ഫുട്‌ബോളറായി രൂപപ്പെടുന്നത്്.

എറണാകുളത്തെ ആധ്യാത്മിക പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് വി. എസ്. രാമകൃഷ്ണന്‍. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ പ്രചോദിതനായി ധാര്‍മിക-സാംസ്‌കാരിക രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു

ഇച്ഛാശക്തി മാത്രം മതി ജീവിതവിജയം നേടാന്‍ എന്ന് തെളിയിക്കുകയാണ് ഡോ.എസ്.കെ. സുന്ദരമൂര്‍ത്തി. രാജ്യത്തെ അറിയപ്പെടുന്ന നേത്രരോഗ ചികിത്സാ വിദഗ്ധനായ മൂര്‍ത്തി അരലക്ഷത്തിലധികം നേത്ര ശസ്ത്രക്രിയകള്‍ നടത്തി ചെലവേറിയ ചികിത്സാരംഗം സേവനത്തിനുള്ള വഴിയായി മാറ്റി.

കൊച്ചിക്ക് ഇന്ന് താരത്തിളക്കം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.