കര്‍ണ്ണാടക എംഎല്‍എമാര്‍ക്ക് ഒളിസങ്കേതം ഒരുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്

Thursday 17 May 2018 4:46 am IST

തിരുവനന്തപുരം: കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്, ജെഡിയു എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സ്ഥലം നല്‍കാമെന്ന് സംസ്ഥാന ടൂറിസം വകുപ്പ്. എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് എത്താതിരിക്കാനാണ് ഒളിവില്‍ കഴിയാന്‍ സര്‍ക്കാര്‍ തലത്തില്‍  സഹായം നല്‍കാനുള്ള നീക്കം നടക്കുന്നത്. 

ടുറിസം വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇത് സംബന്ധിച്ച പരസ്യവും വന്നു. എംഎല്‍എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തലുണ്ടെന്നു കാട്ടിയുള്ള ട്വീറ്റാണ് പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട്  എംഎല്‍എമാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍  വിശ്രമിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം എന്ന രീതിയിലാണ് ട്വീറ്റിട്ടതെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ട്വീറ്റ് പിന്‍വലിച്ചത് എന്തിനെന്ന ചോദ്യത്തിന് ചിലര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറുപടി. ഇന്ത്യ മുഴുവന്‍ കേരള ടൂറിസത്തിന് നല്ല പരസ്യം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ വന്നാല്‍ സുഖമായി വിശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു.

ആവശ്യം വന്നാല്‍ കോണ്‍ഗ്രസ്, ജെഡിയു എംഎല്‍എമാര്‍ക്ക് സുരക്ഷിതമായി ഒളിവില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും സുരക്ഷിതമായി താമസിക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. അതിനാലാണ് ടൂറിസം വകുപ്പിനെ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.