കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി: സത്യപ്രതിജ്ഞ തടയില്ല

Thursday 17 May 2018 8:23 am IST
കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയെ സമീപിച്ച കോണ്‍ഗ്രസിന് തിരിച്ചടി. കര്‍ണാക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി

ന്യൂദല്‍ഹി: കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയെ സമീപിച്ച കോണ്‍ഗ്രസിന് തിരിച്ചടി. കര്‍ണാക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. 

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല. അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. കത്തിലെ നിയമപരമായ വശങ്ങള്‍ പരിശോധിക്കണമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് എ.കെ.സിക്രി, അശോക് ഭൂഷണ്‍, ബോബ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ശക്തമായ വാദമാണ് നടന്നത്. പുലര്‍ച്ചെ 2.10ന് ആരംഭിച്ച വാദം മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു. കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംങ്വിയാണ് കൂടുതല്‍ സമയം വാദിച്ചത്. സിംങ്വിയുടെ വാദം ഒന്നര മണിക്കുറോളം നീണ്ടുനിന്നു.

ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സിംങ്വിയുടെ പ്രധാന വാദം. ഗവര്‍ണറുടെ നടപടി സംശയകരമാണ്, അതിനാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണെന്നും കോണ്‍ഗ്രസ് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും സിംഗ്വി കോടതിയെ അറിയിച്ചു.

തുടര്‍ന്ന് സത്യപ്രതിജ്ഞ തടയില്ലെന്ന് വ്യക്തമാക്കിയ കോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കുമെന്ന് അറിയിച്ചു. ഇതിന് ശേഷം എല്ലാവരുടെയും വാദങ്ങള്‍ വിശദമായി പിന്നീട് പരിശോധിക്കുമെന്നും വ്യക്തമാക്കി.

ഭൂരിപക്ഷം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും, ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.