ഒടുവില്‍ അവര്‍ എവറസ്റ്റ് കീഴടക്കി

Friday 18 May 2018 2:36 am IST

മുംബൈ: ഒടുവില്‍ അവര്‍ കൊടുമുടിയുടെ തുഞ്ചത്ത് നില്‍ക്കുമ്പോള്‍ കീഴടക്കിയത് ലോകത്തെ തന്നെ. ഒരിക്കലും സ്വപ്നം കാണാന്‍ സാധിക്കാത്ത അവസരം ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആരും അങ്ങനെ തന്നെ കരുതും. അവര്‍ നാലു ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, സ്വദേശത്തിനപ്പുറം സ്വപ്നം കാണാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടായവര്‍. അവരാണ് ബുധനാഴ്ച പുലര്‍ച്ചെ എവറസ്റ്റ് കീഴടക്കിയത്.  മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ സ്വദേശികളായ കവിദാസ് കാത്തേമോഡ്, ഉമാകാന്ത് മാധവി, പര്‍മേഷ് ആലേ, മനീഷ ദുര്‍വേ എന്നിവരാണ് എവറസ്റ്റ് കീഴടക്കിയത്. പുലര്‍ച്ചെ 3.25ഓടെയാണ് അവര്‍ ലക്ഷ്യം കൈവരിച്ചത്.

മിഷന്‍ ശൗര്യ എന്നു പേരിട്ട സാഹസികയാത്രയിലൂടെയാണ് എവറസ്റ്റ് കീഴടക്കുക എന്നതിലേക്ക് ഇവരെത്തുന്നത്. ചന്ദ്രപൂര്‍ കളക്ടറേറ്റും ഗോത്രവികസന വിഭാഗവും സംയുക്തമായാണ് മിഷന്‍ ശൗര്യ നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് 50 ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇവര്‍ ബോര്‍ഡ, ദേവദ, ജിവ്ടി ആശ്രമം സ്‌കൂളുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്, ഇവര്‍ക്ക് വാര്‍ധയില്‍ പ്രാഥമിക പര്‍വ്വതാരോഹണ പരിശീലനം നല്‍കി. പിന്നീട് ചന്ദ്രപൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ പരിശീലനം, ഇവിടെ താമസിച്ച് അവരുടെ പഠനം ബോര്‍ധ ആശ്രമം സ്‌കൂളില്‍ നടത്തി. ഒടുവില്‍ ഹൈദരാബാദിലെ ബോണ്‍ഗിരി സ്‌കൂള്‍, 25 ദിവസം ഡാര്‍ജിലിങ്ങിലെ 18,000 അടി ഉയരത്തിലുള്ള ഹിമാലയ മൗണ്ടനേറിംഗ് സ്‌കൂള്‍, കശ്മീരിലെ ലേയില്‍ അഡ്വാന്‍സ്ഡ് വിന്റര്‍ പരിശീലനം. തുടര്‍ന്ന് പരിശീലനത്തില്‍ മികവു തെളിയിച്ച 10 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്താണ് മിഷന്‍ ശൗര്യ പൂര്‍ത്തിയാക്കുന്നത്. 

തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ ഏപ്രില്‍ എട്ടു മുതല്‍ ധനകാര്യമന്ത്രി സുധീര്‍ മുന്‍ഗാണ്ടിവര്‍ പട്ടികവര്‍ഗ വികസന മന്ത്രി വിഷ്ണു സൗര തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മിഷന്‍ ശൗര്യ ആരംഭിച്ചു. ഏപ്രില്‍ 11ന് സംഘം കാഠ്മണ്ഡുവിലെത്തി. ഏപ്രില്‍ 20ന് എവറസ്റ്റ് താഴ്‌വരയിലും. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ ബിമല നെഗി ദിയോസ്‌കറിന്റെ നേതൃത്വത്തിലാണ് സംഘം  പര്‍വതാരോഹണം നടത്തിയത്. അടുത്ത സംഘം ഇന്ന് എവറസ്റ്റ് കീഴടക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.