കാട്ടുമുല്ല

Friday 18 May 2018 3:04 am IST

ശാസ്ത്രീയ നാമം : Jasminum angustifolium

സംസ്‌കൃതം: സുപൂജ, മാലതി, വനമാലതി, 

തമിഴ്: സിരുമല്ലി, കാട്ടുമല്ലികൈ

എവിടെകാണാം:  ഇന്ത്യയില്‍ ഉടനീളം കാണുന്നു. 

പുനരുത്പാദനം : തണ്ട് നട്ട്

 ഔഷധപ്രയോഗങ്ങള്‍:  അഞ്ച് കിലോ കാട്ടുമുല്ല വെള്ളം ചേര്‍ത്ത് സമൂലം ഇടിച്ചുപിഴിഞ്ഞ നീര് നാല് ലിറ്റര്‍. അര ലിറ്റര്‍ വെളിച്ചെണ്ണയോ കാരെള്ളിന്റെ എണ്ണയോ തേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി തേച്ചാല്‍ കരപ്പന്‍ തുടങ്ങി എല്ലാ ത്വക് രോഗങ്ങളും ശമിക്കും. കാട്ടുമുല്ല വേരും വയമ്പും സമം( നൂറ് ഗ്രാം വീതം) ചേര്‍ത്ത് പൊടിച്ച് ചെറുനാരങ്ങാ നീരില്‍ ചാലിച്ച്  ദിവസവും തേച്ചാല്‍ ശീതപിത്തം( വട്ടച്ചൊറി) ശമിക്കും. രണ്ട് മാസം തേയ്ക്കുക. അപസ്മാര രോഗികള്‍ക്ക് കാട്ടുമുല്ലയുടെ ഇല ഇടിച്ചുപിഴിഞ്ഞ് നൂറ് മില്ലി വീതം കഞ്ഞിയില്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം കുടിച്ചാല്‍ അപസ്മാരത്തിന്റെ തീവ്രത കുറയും. 

കാട്ടുമുല്ല വേര്, ആടലോടകത്തിന്റെ വേര്, കല്ലൂര്‍വഞ്ചി വേര്, അമ വേര്, ആറ്റുദര്‍ഭ വേര്, കരിങ്കുറുമ്പ വേര്, വെള്ളക്കരിമ്പിന്‍ വേര്, കരിനൊച്ചി വേര്, കരിങ്കുറിഞ്ഞി വേര്, കുരുവി കിഴങ്ങ്, ഞെരിഞ്ഞില്‍ ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെളളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി എടുത്ത് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം രണ്ട് മാസം സേവിച്ചാല്‍ മൂത്രകൃച്ഛം ശമിക്കും. വേദനയോടെ മൂത്രം പോകുന്ന അവസ്ഥയാണിത്. സാധാരണ പുരുഷന്മാരില്‍ ആണ് ഈ രോഗം കണ്ടുവരുന്നത്. ഇത് പാല്‍കഷായമായും സേവിക്കാം. ഈ കഷായം 100 മില്ലി എടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് കുറുക്കി പറ്റിച്ച് 100 മില്ലി ആകുമ്പോള്‍ വാങ്ങി തേന്‍ മേമ്പൊടി ചേര്‍ത്ത സേവിക്കുക. പ്രമേഹവും ശമിക്കും. 

കാട്ടുമുല്ല വേര്, പൊരിച്ച കായം( കായം ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുക്കുക), ഇവ ഓരോന്നും 50 ഗ്രാം, ഇന്തുപ്പ് 10 ഗ്രാം ഇവ ചേര്‍ത്ത് നന്നായി പൊടിക്കുക. അഞ്ച് ഗ്രാം പൊടി വീതം ചൂടുവെളളത്തിലോ കാടിയിലോ കലക്കി കുടിക്കുക. ഗര്‍ഭത്തില്‍ വച്ച് കുഞ്ഞ് മരിച്ചാല്‍ ചാപിള്ളയും മറുപിള്ളയും പുറത്തുവരുന്നതിന് ഈ ഔഷധം സഹായിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.