കൃത കൃത്യഃ ച സ്യാത്

Friday 18 May 2018 3:06 am IST

ഇങ്ങനെ ഭഗവതത്ത്വ വിജ്ഞാനം നേടി, ഭഗവത് പ്രേമത്തില്‍ മുഴുകി സേവിക്കുന്ന ഭക്തന്‍ മറ്റൊരു ജ്ഞാനവും നേടാന്‍ ശ്രമിക്കേണ്ടതില്ല, മറ്റൊരു അനുഷ്ഠാനക്രമങ്ങളും ചെയ്യേണ്ടതില്ല. മനുഷ്യജന്മം സഫലമാക്കിയിരിക്കുന്നു. അതിനാല്‍ കൃതകൃത്യന്‍ എന്ന പദം ആ ഭക്തന് മാത്രമാണ്.

ഇങ്ങനെ ഈ അധ്യായത്തില്‍ ഗുഹ്യതമമായ ശാസ്ത്രം പറയപ്പെട്ടു. കര്‍മ്മതത്വം ഗുഹ്യമാണ്. ഉപാസനാതത്വം ഗുഹ്യതരമാണ്; പരമാത്മതത്വം ഗുഹ്യതമമാണ്. അത്യന്തം രഹസ്യമായ ശാസ്ത്രമാണ് ഗീതാശാസ്ത്രം. സര്‍വ്വവേദ ശാസ്ത്രസാരമാണ് ഗീത. ഗീത എന്ന മുഖ്യശാസ്ത്രത്തിന്റെ സാരമാണ് ഭഗവാന്‍ ഈ പതിനഞ്ചാമധ്യായത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

ഈ പതിനഞ്ചാമധ്യായത്തില്‍ പ്രധാന ശ്ലോകങ്ങള്‍

1. ന തദ് ഭാസയതേ സൂര്യഃ- എന്ന് തുടങ്ങുന്ന 6-ാം ശ്ലോകം- സച്ചിദാനന്ദസ്വരൂപനായ ശ്രീകൃഷ്ണ ഭഗവാന്റെ സനാതനമായ ധാമമത്രേ.

2. യദാദി ത്യഗ തം തേജഃ- എന്ന് തുടങ്ങുന്ന 12-ാം ശ്ലോകം- ഭഗവാന്‍, സൂര്യനായും ചന്ദ്രനായും അഗ്‌നിയായും നമ്മുടെ കണ്‍മുമ്പില്‍ വിളങ്ങുന്നു.

3) യസ്മാത്ക്ഷരമതീതോഹം- എന്നു തുടങ്ങുന്ന 18-ാം ശ്ലോകം- ഭൗതിക പ്രപഞ്ചത്തിലെ സകലവിധ ജീവഗണങ്ങള്‍ക്കും പ്രാപ്യനായും ത്രൈലോക്യനായും സകല വേദപുരാണേതിഹാസ-ശാസ്ത്ര-സംഹിതകളിലും, കാവ്യാദികളിലും പുരുഷോത്തമനായും ഭഗവാന്‍ അറിയപ്പെടുന്നു.

ഈ മൂന്ന് ശ്ലോകങ്ങള്‍ ജപം, പുഷ്പാര്‍ച്ചന, പ്രദക്ഷിണം എന്നീ ഭഗവത് സേവന കര്‍മ്മങ്ങളില്‍ ചൊല്ലുന്നത് അതിവിശിഷ്ടമാണെന്ന് ആചാര്യന്മാര്‍ പറയുന്നു.

പതിനഞ്ചാം അധ്യായം കഴിഞ്ഞു

പതിനഞ്ചാം അധ്യായത്തിന്റെ താല്‍പര്യസംഗ്രഹം-

മനുഷ്യലോകത്തിലെയും ദിവ്യലോകങ്ങളിലെയും സുഖങ്ങളില്‍ വിരക്തി ഉണ്ടാവാന്‍, പ്രപഞ്ചം നശിക്കുന്നതാണ് എന്ന് ആദ്യം വ്യക്തമാക്കി. യഥാര്‍ത്ഥമായ ഭഗവദ്ഭക്തിയുണ്ടാവണമെങ്കില്‍ 'അയാനിത്വം' മുതലായ സദ്ഗുണങ്ങള്‍ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട് എന്ന് വിശദീകരിച്ചു. ഭഗവാന്‍ നിത്യസന്നിധാനം ചെയ്യുന്ന ധാമത്തെ സൂര്യന്‍, ചന്ദ്രന്‍, അഗ്‌നി മുതലായവയ്‌ക്കൊന്നും പ്രകാശിപ്പിക്കാന്‍ കഴിയില്ല എന്ന് നിരൂപിച്ചു. പരമാത്മാവായ ഭഗവാന്റെ അംശങ്ങളായ ജീവാത്മാക്കള്‍ ഗുണത്തില്‍ ഭഗവാന് തുല്യരാണെങ്കിലും ഇന്ദ്രിയങ്ങള്‍ പ്രകൃതിയുടെ ശക്തിയിലേക്ക്, അവരെ വലിച്ചുകൊണ്ടുപോവുകയാണ്. ആദിത്യനിലെയും ചന്ദ്രനിലെയും അഗ്‌നിയിലെയും തേജസ്സ്, ഭഗവത്തേജസ്സിന്റെ അംശങ്ങള്‍ മാത്രമാണ്. ഭൂമിയെ നിലനിര്‍ത്തുന്നതും സസ്യങ്ങളെ വളര്‍ത്തുന്നതും, പ്രാണികളുടെ ഉദരത്തിലെ ഭക്ഷണസാധനങ്ങള്‍ ദഹിപ്പിക്കുന്നതും ഭഗവാനാണ്. സര്‍വ്വവേദങ്ങളിലൂടെ അറിയപ്പെടുന്നത് ശ്രീകൃഷ്ണ ഭഗവാനാണ്. വേദങ്ങളുടെ യഥാര്‍ത്ഥമായ അന്തം- നിശ്ചയം എന്തെന്ന് ഭഗവാനു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഭഗവാന്‍ തന്നെയാണ് വേദസാഹിത്യങ്ങളിലും ലൗകികസാഹിത്യങ്ങളിലും, ക്ഷരാക്ഷരങ്ങള്‍ക്ക് അതീതനായും പരമാത്മാവായും ഭൗതിക പ്രപഞ്ചത്തെ ഭരിക്കുന്നവനായും പുരുഷോത്തമനായും കീര്‍ത്തിക്കപ്പെടുന്നത്. ഈ തത്വങ്ങള്‍ അറിയുന്നവന്‍ സര്‍വ്വജ്ഞനാണ്; ആ വ്യക്തി സര്‍വ്വഭാവത്തോടും ഭഗവാനെ ഭജിക്കുന്നവനാണ്. ഈ ഗുഹ്യതയമായ ശാസ്ത്രം അറിയുന്നവന്‍ യഥാര്‍ത്ഥ ബുദ്ധിമാനായിത്തീരും, കൃതകൃത്യനുമായിത്തീരും.

ശ്രീമധുസൂദനസരസ്വതി സ്വാമികള്‍ 

പ്രഖ്യാപിക്കുന്നു

വംശീവിഭൂഷിതകരാന്നവനീരദാഭാത്

പീതാംബരാ ദരുണബിംബ 

ഫലാധരോഷ്ഠാത്

പൂര്‍ണന്ദുസുന്ദരമുഖാദരവിന്ദ നേത്രാത്

കൃഷ്ണാത്പരം കിമപിതത്വമഹം 

നജാനേ.

(= ഓടക്കുഴലിന് ഭൂഷണമായകൈകള്‍ ഉള്ളവനും പുതുമഴക്കാറിനെക്കാള്‍ ശോഭയുള്ളവനും, പുതുമഞ്ഞപ്പടുത്തവനും, തുടുതുടുത്ത തൊണ്ടിപ്പഴം പോലെ ശോഭിക്കുന്ന ചുണ്ടുകളുള്ളവനും പൂന്തിങ്കളിനെക്കാള്‍ സുന്ദരമായ തിരുമുഖച്ചെന്താമരയുള്ളവനും, പങ്കജത്തെക്കാള്‍ ആകര്‍ഷകമായ കണ്ണുകളുള്ളവനുമായ ശ്രീകൃഷ്ണനെക്കാള്‍ ഉത്കൃഷ്ടമായ ഒരു തത്വത്തെയും ഞാന്‍ അറിയുന്നില്ല.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.