വടക്കു നോക്കുന്ന സര്‍ക്കാരേ ഇന്‍ഡോറിലേക്കു നോക്കൂ

Friday 18 May 2018 3:09 am IST

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നപ്പോള്‍ പതിവുപോലെ അതിനേയും പരിഹസിച്ചു പാടിനടന്നവരാണ് ഇന്നു കേരളം ഭരിക്കുന്നത്. ഭരണം നന്നാവുന്നുണ്ട്; ശരിയാകുന്നുണ്ട് എന്നു പറയുന്നതാവും കൂടുതല്‍ ശരി. എല്ലാം ശരിയാക്കും എന്നു പറഞ്ഞാണല്ലോ കസേരയില്‍ കയറി ഇരുന്നത്. ഇന്നിപ്പോള്‍ ഏതു ശരി, ഏതു തെറ്റ് എന്ന കാര്യത്തിലാണു സംശയം. എന്തു ചെയ്യുന്നു എന്നതല്ലല്ലോ ആരു ചെയ്യുന്നു എന്നതല്ലേ, ഒരു കാര്യം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നതിന് ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കു മാനദണ്ഡം. അത്തരക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇന്നു പെണ്‍കുട്ടികള്‍ക്കു ജീവിക്കാന്‍ വയ്യാത്ത നിലയായിട്ടുണ്ട്. പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ അരക്ഷിതബോധത്തിന്റെ പിടിയിലാണ്. കേന്ദ്രം ചെയ്യുന്നത് എന്തും തെറ്റ്. പക്ഷേ, കേരളം ചെയ്യുന്നതെല്ലാം ശരി എന്നു പറയില്ല. ചെയ്യുന്നവര്‍ പാര്‍ട്ടിക്കാരോ സ്വന്തക്കാരോ ആയാല്‍ എല്ലാം ശരിയാകും. മറിച്ചാണെങ്കില്‍ എല്ലാം തെറ്റ്. ഈ  പുതിയ പ്രത്യയശാസ്ത്രമാണിന്നു കേരളത്തില്‍ നടപ്പാക്കുന്നത്.  

ഇവിടെ നിയമമുണ്ട്. നടപ്പാക്കാനുള്ള സംവിധാനമുണ്ട്. നിയന്ത്രിക്കാന്‍ അധികാരപ്പെട്ടവരുമുണ്ട്. പിന്നെന്തേ കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടു പോകുന്നു? കൈകാര്യം ചെയ്യാന്‍ ഇച്ഛാശക്തിയും തന്റേടവും ആത്മാര്‍ഥതയുമുള്ള ഭരണകര്‍ത്താക്കള്‍ ഇല്ലാത്തതുകൊണ്ട് എന്ന് ഉത്തരം. അതുണ്ടാവണമെങ്കില്‍ ഭരിക്കപ്പെടുന്നവരുടെ വേദന എന്തെന്ന് അറിയാന്‍ കഴിയണം. വടക്കോട്ടു നോക്കി പരിഹസിക്കുകയും വിമര്‍ശിക്കുകയും അങ്ങോട്ടു സഹായധനവുമായി പറക്കുകയും ചെയ്യാന്‍ മാറ്റിവയ്ക്കുന്ന സമയവും മനസ്സും സ്വന്തം നാടിന്റെ കാര്യം ചിന്തിക്കാന്‍ മാറ്റിവയ്ക്കണം. എങ്കില്‍ത്തന്നെ ഇവിടത്തെ പല പശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. സ്ത്രീശക്തിയേക്കുറിച്ചും സ്ത്രീസുരക്ഷയേക്കുറിച്ചും പ്രസംഗിച്ചു നടന്നാല്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരാവില്ലെന്ന് ഇക്കൂട്ടര്‍ ഇനി എന്നാണു മനസ്സിലാക്കുക? കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങളില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുകയാണിപ്പോള്‍. തുടരെ നടക്കുന്ന പീഡനങ്ങളില്‍ കാര്യമായ ഒരു നടപടിയും എടുക്കാതെയാണ് ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ കടിച്ചുതൂങ്ങി പ്രസ്താവനാ മേള നടത്തുന്നത്. പോക്സോ നിയമം ഇവിടെ പെട്ടിയില്‍ ഇരുന്ന് ഉറങ്ങുകയാണ്. വടക്കായാലും തെക്കായാലും പീഡനം പീഡനം തന്നെയാണല്ലോ. അത് ഇരയ്ക്കും കുടുംബത്തിനും നല്‍കുന്ന വേദന ഭരിക്കുന്ന പാര്‍ട്ടിയേ ആശ്രയിച്ചല്ലല്ലോ. 

മലപ്പുറം ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 13 ബാല പീഡനങ്ങള്‍ നടന്നതായാണു കണക്ക്. ഇതില്‍ എഫ്ഐആര്‍ എങ്കിലും രജിസ്റ്റര്‍ ചെയ്തത് ഒന്നില്‍ മാത്രം. അതുതന്നെ മാധ്യമങ്ങള്‍ ഇടപെട്ടതിനാല്‍ നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ട്. മറ്റു സംഭവങ്ങളിലെല്ലാം പൊലീസ് ഒത്താശയോടെ കേസ് ഒതുക്കാനാണു ശ്രമം. അതിനു മേലാളന്മാരുടെ മൗനാനുവാദവുമുണ്ട്. പലതിലും ഉന്നതന്മാരും ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരും പ്രതിസ്ഥാനത്തു വരുമെന്നതിനാല്‍ ചുവന്ന പൊലീസ് പത്തിമടക്കി അനുസരണയോടെ പമ്മിയിരിക്കും. പരാതിവന്നാല്‍ അതിനു മേലേ അടയിരിക്കും.  

വടക്കുനോക്കി ഇരിക്കുന്നതിനിടെ ഇന്‍ഡോറിലേക്കൊന്നു നോക്കണം സഖാക്കളേ. അവിടെ ഒരു ശിശുപീഡനക്കേസ് 23 ദിവസം കൊണ്ടു തീര്‍പ്പാക്കി പ്രതിക്കു വധശിക്ഷ വിധിച്ച ഒരു സര്‍ക്കാരും കോടതിയുമുണ്ട്, അങ്ങു മധ്യപദേശില്‍. ഭരണകക്ഷിയുടെ കൊടിക്കു കാവിനിറമായതുകൊണ്ട് ആ നേട്ടത്തിന്റെ നിറം മങ്ങുന്നില്ല. അവിടെ വരെ ഒന്നു പോയി പഠിക്കാന്‍ ഈ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കു സമയം കിട്ടുമോ? സ്വന്തം നാട്ടില്‍ സ്വന്തം പൊലീസ് ചവിട്ടിക്കൊന്ന പാവം ചെറുപ്പക്കാരന്റെ വീടുവരെ പോകാത്ത മുഖ്യമന്ത്രിയാണെങ്കിലും ഉത്തരേന്ത്യ എന്നു കേട്ടാല്‍ ഒന്ന് ഇളകുമല്ലോ. ഭരിക്കാന്‍ അറിയാവുന്നവരുടെ നാട്ടിലെ നടപടിക്രമം എന്തെന്ന് അറിഞ്ഞുവരുന്നതു നല്ലതാണ്. ഒന്നുമല്ലെങ്കിലും ഇന്നാട്ടിലെ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഒരു നല്ലകാലത്തെക്കുറിച്ചു പ്രതീക്ഷയെങ്കിലും അതുവഴി ഉണ്ടായെന്നു വരും. കാത്തിരിക്കാം. നല്ലകാലം വരാനല്ല, ഇവരുടെ മനസ്സു നന്നാവാന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.