കേരളത്തിന്റെ സംസ്‌കൃത പാരമ്പര്യം പുനരുദ്ധരിച്ച വ്യക്തിത്വം

Friday 18 May 2018 3:10 am IST

കേരളത്തിന്റെ സംസ്‌കൃത പാരമ്പര്യത്തെ പരിരക്ഷിച്ചുകൊണ്ട് അഭിമാനകരമാംവിധം ലോകപ്രശസ്തി നേടിയ ഒരു വ്യക്തിയെ രാഷ്ട്രം ആദരിക്കുമ്പോള്‍ അദ്ദേഹത്തിനു പൊതുസ്വീകരണം നല്‍കുന്നത് സ്വാഭാവികം. ആദിശങ്കരന്റെ പേരില്‍ കാലടിയില്‍ രൂപംകൊണ്ട സംസ്‌കൃത സര്‍വകലാശാലയുടെ ക്യാമ്പസ് ഡയറക്ടറായി സേവനം നടത്തിക്കൊണ്ട്, ആ സ്ഥാപനത്തിനു വേണ്ട വികസന സാധ്യതകള്‍ ഒരുക്കിയതും ആ പണ്ഡിതശ്രേഷ്ഠനാണ്; കോട്ടയം ജില്ലയിലെ വാഴൂരില്‍ 1946ല്‍ ജനിച്ച ജി. ഗംഗാധരന്‍ നായര്‍ എന്ന വ്യക്തി തന്റെ ജീവിതം സംസ്‌കൃത പഠനത്തിനും പ്രചാരണത്തിനും മാറ്റിവയ്ക്കുന്നു.

അദ്ദേഹത്തിന്റെ അനന്തരകാല ജീവിതം തിരുവനന്തപുരം സംസ്‌കൃതകോളജില്‍നിന്ന് വ്യാകരണത്തില്‍ മഹോപാധ്യായ ബിരുദം നേടിയശേഷം, അതേ വിഷയത്തില്‍ പിഎച്ച്ഡി എടുത്തതിനു പുറമേ റഷ്യന്‍ ഭാഷയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു. തുടര്‍ന്നു 38 വര്‍ഷകാലം കോളജധ്യാപകനായി സേവനം തുടങ്ങിയ ഗംഗാധരന്‍ നായര്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍നിന്നു വിരമിക്കുമ്പോള്‍ പ്രൊഫസറും ഡീനുമായിരുന്നു. 38 വര്‍ഷക്കാലത്തെ കോളജധ്യാപക വൃത്തിക്കുശേഷം തന്റെ പഠനവും അന്വേഷണവും തുടര്‍ന്നുകൊണ്ടിരുന്നു. ഭാരതത്തിലെ വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാല അഡൈ്വസറി സമിതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 150-ല്‍പ്പരം ഗവേഷണ പ്രബന്ധങ്ങളും അനവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സര്‍വകലാശാലയുടെ തുടക്കത്തില്‍ തന്നെ ഡോ. ഗംഗാധരന്‍ നായരെ ലഭിച്ചതുകൊണ്ട് അതിന്റെ പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ പങ്കാളിയായിക്കൊണ്ട് അവിടുത്തെ പ്രധാന കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കാനും അനവധി ഗവേഷണ പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

കേരളത്തിലെ സംസ്‌കൃത പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, തിരുവനന്തപുരം സംസ്‌കൃത കോളജിലും തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലും ഒരുകാലത്ത് പ്രശസ്തരായ അനവധി സംസ്‌കൃത പണ്ഡിതന്മാരുണ്ടായിരുന്നു. സംസ്‌കൃതത്തിലെ വിവിധ ശാസ്ത്ര ശാഖകളില്‍ അഗാധപാണ്ഡിത്യം നേടിയ വ്യക്തികള്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്, എന്നാല്‍ അവരില്‍ പലരും തമിഴ്‌നാട്ടില്‍നിന്നു വന്ന പണ്ഡിതന്മാരായിരുന്നു; രാജഭരണം നടന്നിരുന്നപ്പോല്‍ അനവധി ആനുകൂല്യങ്ങലും പാരിതോഷികങ്ങളും ലഭിക്കാനും അവര്‍ക്ക് അവസരമുണ്ടായിരുന്നു. അക്കാലത്ത് സംസ്‌കൃത പഠനത്തിനോ പണ്ഡിത സദസ്സുകളില്‍ വാദവിവാദങ്ങള്‍ നടത്താനോ എത്തുന്ന മലയാളികളുടെ എണ്ണം പരിമിതമായിരുന്നു. തിരുവനന്തപുരം സംസ്‌കൃത കോളജില്‍ പ്രഫസറായിരുന്ന ബാലരാമപ്പണിക്കര്‍ എന്ന ഒരദ്ധ്യാപകനെയാണ് ഗംഗാധരന്‍ നായരെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മവരുന്നത്. അയത്‌ന ലളിതമായി സുദീര്‍ഘം സംസ്‌കൃതത്തില്‍ പ്രസംഗിക്കുന്ന ബാലരാമപ്പണിക്കര്‍ സാറിനെ മറക്കാനാകില്ല. വേദാന്തമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വ്യാകരണ ശാസ്ത്രമായിരുന്നു ഗംഗാധരന്‍ നായരുടെ വിഷയമെങ്കിലും, വിശാലമായി സംസ്‌കൃത ഭാഷാപ്രചാരണത്തിനദ്ദേഹം സമയം കണ്ടെത്തുന്നു.

ഇന്ന് സ്ഥാപനബാഹ്യമായി സാധാരണക്കാരെ സംസ്‌കൃതത്തോടടുപ്പിക്കാന്‍ സംഭാഷണ ശിബിരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട്, രംഗത്തുവന്ന സംഘപ്രചാരകനായ ശ്രീകൃഷ്ണ ശര്‍മ്മാജിയേയും കര്‍ണാടകത്തിലെ ചമു കൃഷ്ണ ശാസ്ത്രിയേയും പോലെ സാധാരണക്കാരൊടൊപ്പമിറങ്ങി സംസ്‌കൃത പ്രചാരണത്തിന് ഗംഗാധരന്‍ നായരും രംഗത്തുവന്നു.  രക്ഷാധികാരി എന്ന നിലയില്‍ സംഘടനാ പ്രവര്‍ത്തനം മാത്രമല്ല, ചാലക്കുടിക്കടുത്ത് ഒരു സംസ്‌കൃത ഗ്രാമം സൃഷ്ടിക്കുവാനുള്ള പ്രവര്‍ത്തനത്തിലും അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നു.

ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഗംഗാധരന്‍ നായര്‍ തന്റെ എല്ലാ സഹകരണവും നല്‍കി. സാംസ്‌കാരിക വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഒരു വിദ്യാപീഠം തുടങ്ങിയപ്പോള്‍, അതിന് പാഠ്യപദ്ധതി തയ്യാറാക്കാന്‍ മുന്‍പന്തിയില്‍ വന്നതും ഗംഗാധരന്‍ നായരാണ്. കഴിഞ്ഞ 30 വര്‍ഷമായി അമൃത ഭാരതി വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ട്, ഇന്നതിന്റെ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു.

അടുത്തകാലത്ത് രാഷ്ട്രപതിയുടെ കയ്യില്‍നിന്ന് മഹാമഹോപാദ്ധ്യായ ബിരുദം സ്വീകരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഖില ഭാരതീയ പ്രശസ്തിയെക്കുറിച്ച് പലരും അറിയുന്നത്. 

ഗംഗാധരന്‍ നായരുടെ ജന്മനാടായ വാഴൂരിലെ തീര്‍ത്ഥപാദാശ്രമവുമായി ബന്ധപ്പെടാനും മഹാപണ്ഡിതനായിരുന്ന വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ സമ്പര്‍ക്കം ലഭിക്കാനും അദ്ദേഹത്തിനവസരം ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സംസ്‌കൃത കോളജില്‍ വളരെക്കാലം അധ്യാപകനായിരിക്കാനും അവിടെ സ്ഥിരമായി താമസിക്കാനും അവസരം ലഭിച്ച ഗംഗാധരന്‍ നായര്‍ക്ക് മേയ് 19 ന് അനുയോജ്യമായ ഒരു സ്വീകരണം നല്‍കാന്‍ തൃപ്പൂണിത്തുറ പൗരാവലി തയ്യാറെടുക്കുകയാണ്.

എം. എ. കൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.