മൂന്ന് നക്ഷത്രങ്ങള്‍ ഒരു വേദിയില്‍

Friday 18 May 2018 3:11 am IST

കേരളത്തിന്റെ പൊതു ജീവിതത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വങ്ങളാണ് മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പരിപാലകനുമായ ഡോ.പി.കെ. വാര്യര്‍, മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവരായ മധു, ചലച്ചിത്ര ഗാനരംഗത്തും സിനിമാ സംവിധാനത്തിലും തലമുറകളോളം മലയാളിക്ക് ഓര്‍മ്മച്ചെപ്പില്‍ കരുതിവയ്ക്കാന്‍ പോന്ന സംഭാവനകള്‍ നല്‍കിയ ശ്രീകുമാരന്‍ തമ്പി എന്നിവര്‍. മഹാപ്രതിഭകളായ ഈ മൂന്ന് നക്ഷത്രങ്ങളെ കൊച്ചിയില്‍ ജന്മഭൂമി ആദരിക്കുമ്പോള്‍, അവര്‍ വ്യാപരിക്കുന്ന മേഖലകള്‍ കൂടിയാണ് ആദരിക്കപ്പെടുന്നത്. ഓരോ മലയാളിയും അത്രയധികം നെഞ്ചേറ്റുന്നുണ്ട് ഇവര്‍ നല്‍കിയ സംഭാവനകള്‍. ഇന്ന് കൊച്ചിയലരങ്ങേറുന്ന ജന്മഭൂമി ലെജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാര നിശയിലാണ് ഇവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നത്. 

വെറുമൊരു പുരസ്‌കാര നിശയ്ക്കപ്പുറം കേരളത്തിന്റെ തനതും അന്തസ്സും നിലനിര്‍ത്താന്‍ പോന്ന പരിപാടികളുടെ സമ്മേളനമാകും ഇന്നത്തെ പുരസ്‌കാര രാവ്. കഴിഞ്ഞ വര്‍ഷം, അഭിനയ പ്രതിഭ മോഹന്‍ലാലിനായിരുന്നു പുരസ്‌കാരം.  

കേരളത്തിന്റെ പൊതു സമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ പോന്ന ജീവിതവും പ്രവര്‍ത്തനവും നടത്തിയവരെയാണ് ജന്മഭൂമി ആദരിക്കുന്നത്. ഡോ.പി.കെ വാര്യരെ പോലെയൊരാള്‍ തര്‍ക്കത്തിന് വകനല്‍കാതെ തന്നെ ആ പട്ടികയിലേക്ക് കടന്നുവരും. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ആയ അദ്ദേഹം ആയുര്‍വേദ വൈദ്യശാഖയില്‍ അവസാന വാക്കാണ്. ആരോഗ്യത്തോടെയുള്ള ജീവിതമാണ് ഏറ്റവും വലിയ ധനമെന്ന തിരിച്ചറിവ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ആയുര്‍വേദം ഒരു ചികിത്സാരീതി എന്നതിലപ്പുറം നല്ല ജീവിതത്തിന്റെ വഴികാട്ടിയായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചികിത്സ പണസമ്പാദനത്തിനുള്ള  കമ്പോളമാകുന്ന ഇക്കാലത്ത് ആയുര്‍വ്വേദ ചികിത്സ എങ്ങനെ ജനങ്ങള്‍ക്ക് പ്രാപ്യമാക്കാന്‍ കഴിയുന്ന തരത്തിലേക്കു കൊണ്ടുവരാം എന്നതിന്റെ ഉദാഹരണം കൂടിയാണ് അദ്ദേഹത്തിന്റെ സാരഥ്യത്തിലുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. ആറുപതിറ്റാണ്ട് ആര്യവൈദ്യശാലയുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒറ്റമുറി വൈദ്യശാലയില്‍ തുടങ്ങി, ഇന്ന് നഗരങ്ങളിലും നാട്ടിടങ്ങളിലും ശാഖകളും ഉപശാഖകളുമായി പടര്‍ന്നു കിടക്കുന്ന വലിയ വടവൃക്ഷമായി ആ സ്ഥാപനത്തെ മാറ്റിയെടുക്കന്നതില്‍ പി.കെ.വാര്യര്‍ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഇന്ന് വിശ്വപ്രസിദ്ധമാകുന്നത് ആര്യവൈദ്യശാലയുടെ പേരിലാണ്. 

പത്മഭൂഷനു പുറമേ നിരവധി മറ്റ് അവാര്‍ഡുകളും ഡോ.വാര്യരെ  തേടിയെത്തി. പത്മശ്രീ, ആള്‍ ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസിന്റെ 'ആയുര്‍വേദ മഹര്‍ഷി', 'ബൃഹത്രയീരത്ന', കേരള സര്‍ക്കാരിന്റെ അഷ്ടാംഗരത്ന തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ഭൂപ്പാല്‍ മാന്‍സിങ് കാര്‍ക്കി പുരസ്‌കാരം, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയസ് പുരസ്‌കാരം, മുംബൈ ധന്വന്തരി ഫൗണ്ടേഷന്റെ ധന്വന്തരി പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ആ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി ജന്മഭൂമി പുരസ്‌കാരവും.

മലയാള സിനിമയ്ക്ക് ജന്മഭൂമിയുടെ വലിയ ആദരവാണ് മധുവിന് നല്‍കുന്ന പുരസ്‌കാരം. വ്യക്തി എന്ന നിലയിലും കലാകാരനായും മധുവിന് സമനായി മറ്റൊരാള്‍ ഇന്ന് മലയാള സിനിമയിലില്ല. മാധവന്‍നായരെന്ന മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി മാറി. നടനെന്നതിലപ്പുറം, നിര്‍മ്മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി. മധുവിന് എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിട്ട കലാകാരനുമാണദ്ദേഹം. ഒരിക്കലും അദ്ദേഹം അത്തരത്തിലൊരു പരാതി പറഞ്ഞിട്ടില്ല. പുരസ്‌കാരങ്ങള്‍ക്കുവേണ്ടി ആരുടെ പുറകേയും പോയിട്ടുമില്ല. 

വെള്ളിത്തിരയില്‍ മധുവിന്റെ അന്‍പത്തിയാറാം വര്‍ഷമാണിത്. 1962 ഏപ്രിലില്‍ ദല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് അദ്ദേഹം രാമു കാര്യാട്ടിന്റെ 'മൂടുപട'ത്തില്‍ അഭിനയിക്കാനാണ് ആദ്യമെത്തുന്നത്. എന്നാല്‍ എന്‍. എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞ കാല്‍പ്പാടുകളു'ടെ ഷൂട്ടിങാണ് ആദ്യം ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഈ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയതോടെ നടന്‍ മധു മലയാള സിനിമയുടെ ഭാഗമായി. അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും തളരാത്ത ആവേശത്തോടെ അദ്ദേഹം ഇന്നും ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നു, മലയാള സിനിമാ തറവാട്ടിലെ കാരണവരായി. മലയാളത്തിന് ആദ്യമായി സ്വര്‍ണമെഡല്‍ നേടിത്തന്ന രാമു കാര്യാട്ടിന്റെ 'ചെമ്മീനി'ലെ പരീക്കുട്ടിയെ അവതരിപ്പിച്ചത് മധുവായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിയ, എ. വിന്‍സന്റ് സംവിധാനം ചെയ്ത 'ഭാര്‍ഗവീനിലയ'ത്തിലെ മുഖ്യവേഷത്തിലെത്തിയതും അദ്ദേഹം. മലയാള സിനിമയെ പൂര്‍ണമായും ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന്റെ മനോഹാരിത പഠിപ്പിച്ച പി.എന്‍. മേനോന്റെ 'ഓളവും തീരവും' എന്ന ചിത്രത്തിലെ നായകവേഷത്തിലും മധു തിളങ്ങി. മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തിലും മധുവായിരുന്നു പ്രധാന കഥാപാത്രം. അങ്ങനെയെത്രയെത്ര വേഷങ്ങള്‍... മധുവിന് ജന്മഭൂമി നല്‍കുന്ന പുരസ്‌കാരം ഓരോ മലയാളിയുടെയും അംഗീകാരം കൂടിയാണ്.

ശ്രീകുമാരന്‍ തമ്പിയെന്ന പേരു കേള്‍ക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് നിരവധിയായ ചലച്ചിത്രഗാനങ്ങളാണ്. വെള്ളിത്തിരയിലെ രംഗങ്ങള്‍ പോലെ അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ ഗൃഹാതുര സ്മരണകളായി മിന്നിമറയുന്നു. 1966 ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ പാട്ടെഴുതിക്കൊണ്ടാണ,് സിവില്‍ എഞ്ചിനീയറായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ സിനിമയിലെ തുടക്കം. പാട്ടെഴുത്തില്‍ പി. ഭാസ്‌കരനും വയലാറും സൃഷ്ടിച്ച സൗരഭ്യത്തിനൊപ്പം ചേര്‍ന്നെങ്കിലും വേറിട്ട വഴിയിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ സഞ്ചാരം. പ്രണയവും ദര്‍ശനവും തത്വവുമൊക്കെ നിറച്ച് പാട്ടുകളെഴുതുന്നതിനൊപ്പം ഹാസ്യവും ശൃംഗാരവുമെല്ലാം അദ്ദേഹത്തിന്റെ വരികളെ സജീവമാക്കി. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി. എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാള സിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായത്. 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ടെലിവിഷന്‍ പരമ്പരകളുടെ രംഗത്തും മുദ്രപതിപ്പിച്ചു. സമഗ്രസംഭാവയ്ക്കുള്ള ജന്മഭൂമി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് നല്‍കുമ്പോള്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ കുറിച്ച് പുതുതലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും അത്.

ആര്‍. പ്രദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.