ഉറങ്ങാതെ സുപ്രീം കോടതി; ക്ലൈമാക്സിൽ യെദ്യൂരപ്പ

Friday 18 May 2018 3:13 am IST

ന്യൂദല്‍ഹി: രാത്രി മുഴുവന്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സുപ്രീം കോടതി. കര്‍ണാടകയിലെ പ്രതിസന്ധി രാജ്ഭവനില്‍നിന്നും സുപ്രീം കോടതിയിലെത്തിയതോടെ ആറ് മണിക്കൂറോളം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഉന്നത നീതിപീഠം. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ ക്ലൈമാക്‌സില്‍ വിജയം യെദ്യൂരപ്പയ്‌ക്കൊപ്പം. കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയും. 2015 ജൂലൈയില്‍ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരായ ഹര്‍ജി സമാനമായ രീതിയില്‍ അര്‍ധരാത്രിയില്‍ കോടതി വാദം കേട്ടിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബുധനാഴ്ച രാത്രി പതിനൊന്നരക്ക് കോണ്‍ഗ്രസ്സും ജെഡിഎസ്സും സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ രാവിലെ അഞ്ചരക്ക് ഹര്‍ജി കോടതി തള്ളി. 

ബുധനാഴ്ച രാത്രി 9.30: ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന്റെ കത്ത് പുറത്ത്.  ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം. 

രാത്രി 11.30 :  ഗവര്‍ണറുടെ നടപടി പക്ഷപാതപരമെന്നാരോപിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. മാധ്യമപ്പടയും അങ്ങോട്ട് കുതിച്ചു. കോടതിക്ക് മുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി സുരക്ഷ ശക്തമാക്കി. രജിസ്ട്രാറെ സമീപിച്ച് നാളെ രാവിലെയാണ് സത്യപ്രതിജ്ഞയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചീഫ് ജസ്റ്റിസ് ഉടന്‍ ഹര്‍ജി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. 

രാത്രി 12.30: ഹര്‍ജി സൂക്ഷ്മപരിശോധന നടത്തിയ രജിസ്ട്രാര്‍ 12.30ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയയുടെ വീട്ടിലെത്തി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരെ ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും ബിജെപി എംഎല്‍എമാര്‍ക്ക് വേണ്ടി മുകുള്‍ റോത്തഗിയും, കോണ്‍ഗ്രസ്സിന് വേണ്ടി അഭിഷേക് മനു സിംഗ്‌വിയും തയ്യാറായി. 

രാത്രി 1.30: അഭിഭാഷകര്‍ സുപ്രീം കോടതിയിലെത്തി. ആറാം നമ്പര്‍ കോടതി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായതില്‍ സിംഗ്‌വി ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ചു. 24 മണിക്കൂറും നീതിന്യായ പീഠത്തെ സമീപിക്കാന്‍ ലോകത്ത് വേറെയെവിടെ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. അനുമതി റദ്ദാക്കണം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണം. സിംഗ്‌വി ആവശ്യപ്പെട്ടു. ബിജെപിക്ക് എങ്ങനെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലുള്ളത് എന്താണെന്ന് അറിയില്ലെന്നും വിശ്വാസ വോട്ട് തേടുകയാണ് വഴിയെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. 

കോടതിക്ക് ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെടാനാകില്ലെന്ന് മുകുള്‍ റോഹ്ത്തഗി പറഞ്ഞു. പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ് ഹര്‍ജി. ഇത് അംഗീകരിക്കരുത്. ജനാധിപത്യ നടപടികളെ അപഹസിക്കാനാണ് പരാതിക്കാര്‍ ശ്രമിക്കുന്നത്. പാതിരാത്രിയില്‍ കോടതിയെ സമീപിക്കാന്‍ മാത്രം തൂക്കിക്കൊല്ലുന്നയാളുടെ ജീവന്‍ രക്ഷിക്കാനുള്ള ഹര്‍ജിയൊന്നുമല്ല ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. 

പുലര്‍ച്ചെ 5.30: യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കാണാതെ കോടതിക്ക് എന്തെങ്കിലും അനുമാനിക്കാനാകില്ലെന്ന് ജസ്റ്റിസ് ബോബ്‌ഡെ ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മാറ്റിവെയ്ക്കാന്‍ സിംഗ്‌വി ആവശ്യപ്പെട്ടു. എന്നാല്‍ വെറും ഊഹാപോഹത്തിന്റെ പേരില്‍ രണ്ട് ദിവസം നീട്ടാനാകുമോയെന്ന് കോടതി ചോദിച്ചു. ഗവര്‍ണറുടെ ഭരണഘടനാ പദവി ചോദ്യം ചെയ്യാനാവില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. സത്യപ്രതിജ്ഞ തടയാനാകില്ല. എന്നാല്‍ ഇതിന് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും. കോടതി വ്യക്തമാക്കി. രാവിലെ 9.00:  യെദ്യൂരപ്പ രാജ്ഭവനില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.