അത്‌ലറ്റിക്കോ ചാമ്പ്യൻസ്

Friday 18 May 2018 3:15 am IST

ലിയോണ്‍: ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റണി ഗ്രീസ്മാന്റെ വീരോചിത പോരാട്ടത്തിന്റെ മികവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് യൂറോപ്പ ലീഗ് കിരീടം. കലാശക്കളിയില്‍ അത്‌ലറ്റിക്കോ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്‌സെയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിക്കളത്തില്‍ മാഴ്‌സെയെ വിറപ്പിച്ച ഗ്രീസ്മാനാണ് രണ്ട് ഗോളും നേടിയത്. ഗാബിയാണ് മൂന്നാം ഗോള്‍ കുറിച്ചത്.

ഇതാദ്യമായാണ് ഗ്രീസ്മാന്‍ ഒരു വമ്പന്‍ ടൂര്‍ണമെന്റില്‍ അത്‌ലറ്റിക്കോയെ കിരീട വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്.ഒമ്പത് സീസണുകളില്‍ ഇത് മൂന്നാം തവണയാണ് സ്പാനീഷ് ക്ലബ്ബായ അത്‌ലറ്റിക്കോ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. മാഴ്‌സെ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ ഗ്രീസ്മാന്‍ ഇരു പകുതികളിലുമായാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഈ സീസണില്‍ ഇതോടെ ഗ്രീസ്മാന് 29 ഗോളുകളായി.

പതിനാലാം വയസില്‍ നാടുവിട്ട തനിക്ക് ഈ കിരീടമൊരു ബഹുമതിയാണെന്ന് ഗ്രീസ്മാന്‍ പറഞ്ഞു. തന്റെ കരീയറിലെ സിംഹഭാഗവും സ്‌പെയിനിലാണ് ഗ്രീസ്മാന്‍ ചെലവഴിച്ചത്. പക്ഷെ ഒരിക്കല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് മാത്രമേ നേടാനായൊള്ളൂ.

ഇത് മൂന്നാം തവണയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് കിരീടം ചൂടുന്നത്. നേരത്തെ 2010, 2012 വര്‍ഷങ്ങളില്‍ അത്‌ലറ്റിക്കോ ഈ കിരീടം സ്വന്തമാക്കിയിരുന്നു. ടീമിന്റെ കഠിനാദ്ധ്വനത്തിന്റെ ഫലമാണ് ഈ കിരീട വിജയമെന്ന് അത്‌ലറ്റിക്കോ കോച്ച് ഡീഗോ സിമിയോണ്‍. വിലക്കുണ്ടായിരുന്നതിനാല്‍ വേദിയിലിരുന്നാണ് സിമിയോണ്‍ കളികണ്ടത്.

ഫ്രഞ്ച് മണ്ണില്‍ രണ്ടാം യൂറോപ്യന്‍ ട്രോഫിക്കായി കലാശക്കളിക്കിറങ്ങിയ മാഴ്‌സെ നിരാശപ്പെടുത്തി. 25 വര്‍ഷം മുമ്പ് പ്രഥമ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എസി മിലാനെ തകര്‍ത്താണ് മാഴ്‌സെ ആദ്യ യൂറോപ്യന്‍ കിരീടം നേടിയത്.അവസരങ്ങള്‍ കളഞ്ഞുകളിച്ചതാണ് തോല്‍വിക്ക് കാരണം. മുന്നിലെത്താനായി ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ അവയൊന്നും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാഴ്‌സെ കോച്ച് റൂഡി ഗാര്‍ഷ്യ പറഞ്ഞു.

മാഴ്‌സെയുടെ തുടക്കം നന്നായി. നാലാം മിനിറ്റില്‍ തന്നെ ഗോളടിക്കാന്‍ സുവര്‍ണാവസരം കിട്ടി. പേയറ്റ് നല്‍കിയ പാസ് വലേറെ ഗോള്‍പോസ്റ്റിന് മുകളിലൂടെ അടിച്ചുകളഞ്ഞു. പിന്നീട് കളി തണുപ്പനാക്കിയ മാഴ്‌സെയക്ക് 21-ാം മിനിറ്റില്‍ പണികിട്ടി. മാഴ്‌സെ ഗോളി സ്റ്റീവ് മന്‍ഡാന്‍ഡ നീട്ടിക്കൊടുത്ത പന്ത് അവരുടെ ആന്ദ്രെ ഫ്രാങ്കിന് പിടിച്ചെടുക്കാനായില്ല. ഓടിയെത്തിയ അത്‌ലറ്റിക്കോ താരം ഗാബി പന്ത് പിടിച്ചെടുത്ത് ഗ്രീസ്മാന് മറിച്ചുകൊടുത്തു. ഗ്രീസ്മാന്റെ ഷോട്ട്  വലയില്‍ കുടുങ്ങി.

രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ ഗ്രീസ്മാന്‍ ക്ലാസിക്ക് ഷോട്ടിലൂടെ രണ്ടാം ഗോള്‍ നേടി. കളിയവസാനിക്കാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ ഗാബി മൂന്നാം ഗോളും നേടി അത്‌ലറ്റിക്കോയുടെ വിജയമുറപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.