മലയോരത്ത് ഡെങ്കിപ്പനിക്ക് പുറമെ മഞ്ഞപ്പിത്തവും: ജനങ്ങള്‍ ആശങ്കയില്‍

Thursday 17 May 2018 10:20 pm IST

 

കൊട്ടിയൂര്‍: മലയോരത്ത് ഡെങ്കിപ്പനിക്ക് പുറമെ മഞ്ഞപ്പിത്തവും വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയിലായി. ഈ മേഖലയില്‍ വ്യാപകമായ തോതില്‍ ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളതായാണ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയോര പഞ്ചായത്തുകളായ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍, അയ്യങ്കന്ന്, ആറളം, പായം, ഉളിക്കല്‍, ഇരിട്ടി നഗരസഭയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിബാധിച്ച് കൊട്ടിയൂരില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ മേഖലകളില്‍ ഇരുന്നൂറോളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

കൊട്ടിയൂര്‍ മേഖലയിലെ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മലയോര മേഖലകളില്‍ പ്രതിരോധ നടപടികള്‍  ശക്തമായി നടത്തിവരുന്നുണ്ട്. ഇതിനിടയിലാണ് മഞ്ഞപ്പിത്ത രോഗവും വ്യാപകമായി കണ്ടെത്തിയത്. കൊട്ടിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി പിടിപെട്ടവരുടെ രക്തപരിശോധന നടത്തിയപ്പോള്‍ ഇവരില്‍ നിരവധിപേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും കണ്ടെത്തിയിട്ടുണ്ട്. രണ്ട് രോഗവും ഒരേസമയം കണ്ടെത്തുന്നത് അപകടകരമാണ്.

പനിയും മറ്റനുബന്ധ രോഗങ്ങളും പടരുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ചികിത്സാ സംവിധാനങ്ങളെ തകിടം മറിച്ചിട്ടുണ്ട്. മലയോര മേഖലയിലെ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഇതുമൂലം താളംതെറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ കണക്കുകള്‍ മാത്രമേ സര്‍ക്കാര്‍ കണക്കുകളില്‍ ഉള്‍പ്പെടുന്നുള്ളൂ. മറ്റ് സ്വകാര്യ ആശുപത്രികളില്‍ ഡങ്കിപ്പനി ബാധിച്ച് ഇതിന്റെ അഞ്ചിരട്ടി ആള്‍ക്കാര്‍ ചികിത്സ തേടിയെത്തുന്നുണ്ട്.

ഉളിക്കല്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഇരുപതോളം പേര്‍ക്ക് ഡെങ്കിപ്പനികണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാനും മഴക്കാലപൂര്‍വ്വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായുമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തികയും മലയോര മേഖലകളില്‍ ഒഴിഞ്ഞുകിടപ്പാണ്. ചില പഞ്ചായത്തുകളില്‍ ഒന്നിലധികം ആള്‍ക്കാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമേ ജോലിചെയ്യുന്നുള്ളൂ.  ഇത് ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധി ഉളവാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും പ്രതിരോധ ചികിത്സാ സംവിധാവും നിലവിലുണ്ടെങ്കിലും ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.