മണല്‍ മാഫിയയുടെ വധശ്രമത്തിനിരയായ പോലീസ് ഉദ്യോഗസ്ഥന് അവഗണന മാത്രം

Thursday 17 May 2018 10:21 pm IST

 

തളിപ്പറമ്പ്: മണല്‍മാഫിയയുടെ വധശ്രമത്തിനിരയായ പോലീസുദ്യോഗസ്ഥന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പോലീസ് വകുപ്പില്‍ നിന്നും അവഗണന മാത്രം. പരിയാരം എസ്‌ഐ ആയിരുന്ന പട്ടുവം മംഗലശ്ശേരി സ്വദേശി രാജനാണ് സര്‍ക്കാര്‍ അവഗണനയില്‍ കണ്ണീരുമായി കഴിയുന്നത്.

2015 മെയ് 16ന് പുലര്‍ച്ചെയാണ് രാജനെ മണല്‍ മാഫിയാ സംഘം ക്രൂരമായി മര്‍ദ്ധിച്ച് ജീവച്ഛവമാക്കി മാറ്റിയത്. തിരുവട്ടൂര്‍ പാറോളിക്കടവിലെ മണലെടുപ്പ് കേന്ദ്രത്തില്‍ നിന്നും മണല്‍ കടത്ത് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍ രഞ്ചിത്തിന്റെ കൂടെ കടവിലെത്തിയതായിരുന്നു എസ്‌ഐ ആയിരുന്ന കെ.എം.രാജന്‍. മണല്‍ നിറച്ച ലോറിയുമായി മാഫിയാസംഘം രക്ഷപ്പെടുന്നതുകണ്ട് ലോറിയിലേക്ക് സാഹസികമായി പിടിച്ചുകയറാന്‍ ശ്രമിച്ചു. രാജനുമായി മുന്നോട്ടുകുതിച്ച ലോറി വിജനമായ സ്ഥലത്ത് നിര്‍ത്തി രാജനെ വലിച്ചിറക്കിയ ശേഷം ക്രൂരമായി അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം എത്തുമ്പോള്‍ അമ്മാനപ്പാറ പാണപ്പുഴറോഡിലെ പാറയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജനെയാണ് കണ്ടത്. 

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ്, കോഴിക്കോട് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ചികിത്സനടത്തിയതിനെ തുടര്‍ന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും എഴുന്നേറ്റുനടക്കാന്‍പോലും  കഴിയാത്ത സ്ഥിതിയിലാണ് ഇന്ന് ഇദ്ദേഹമുള്ളത്. സംഭവം നടന്ന അന്നുമുതല്‍ ഇന്നുവരെ ഭക്ഷണം ട്യൂബിലൂടെ മാത്രമാണ് കഴിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവഴിച്ചുകഴിഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. സിക്ക് ലീവ് അനുവദിച്ചതിനാല്‍ ശമ്പളം ലഭിക്കുന്നതാണ് ഏക ആശ്രയം. രാജന്‍ 30ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. ഇതിന് ശേഷം ജീവിതമെങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് രാജന്‍. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. അപകടം നടന്നയുടന്‍ പോലീസുകാരില്‍ നിന്നും ചെറിയൊരു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കേസില്‍ മുഖ്യ പ്രതി അബ്ദുള്‍ ലത്തീഫ് ഉള്‍പ്പെടെ പതിനൊന്നുപേര്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ നല്‍കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.