'മാലിന്യമില്ലാത്ത കണ്ണൂര്‍' ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു

Thursday 17 May 2018 10:22 pm IST

 

കണ്ണൂര്‍: കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന മാലിന്യ പ്രശ്‌നമായ പുന:ചക്രമണം സാധ്യമല്ലാത്ത ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ കാല്‍ടെക്‌സിന് സമീപം സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ഫഌക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പുന:ചക്രമണം സാധ്യമല്ലാത്തതിനാല്‍ ഇത്തരം ഫഌക്‌സ് ബോര്‍ഡുകള്‍ കത്തിച്ചുവരികയാണ് ചെയ്യുന്നത്. കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍, ഫ്യൂറാന്‍ തുടങ്ങിയ കാന്‍സര്‍ ജന്യമായ വിഷവാതകങ്ങള്‍ മാരകരോഗങ്ങള്‍ക്ക് കാരണമായ സാഹചര്യത്തിലാണ് ഫഌക്‌സ് നിരോധനവുമായി ജില്ലാ ഭരണകൂടവും, ജില്ലാപഞ്ചായത്തും, കോര്‍പ്പറേഷനും മുന്നോട്ടു വന്നിട്ടുള്ളത്. 2016-ലെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം 2018 മാര്‍ച്ച് 18നകം പിവിസി ഫഌകസിന്റെ ഉപയോഗം അവസാനിപ്പിക്കേണ്ടതുമാണ്. മാത്രവുമല്ല ബാനറുകള്‍ക്കും, ഹോര്‍ഡിംഗിനുമായി ഉപയോഗിച്ചുവരുന്ന പിവിസി ഫഌക്‌സിന്റെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഡിസംബര്‍ 22ന് വിധി പുറപ്പെടുവിച്ചിട്ടുമുണ്ട്. കണ്ണൂര്‍ ജില്ല പരിപൂര്‍ണ്ണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടേയും ഡിസ്‌പോസിബിള്‍ സാധനങ്ങളുടേയും നിരോധനം കണ്ണൂരില്‍ നടപ്പിലാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.