തലായി തുറമുഖം ഇന്ന് നാടിന് സമര്‍പ്പിക്കും

Thursday 17 May 2018 10:23 pm IST

 

കണ്ണൂര്‍: ജില്ലയ്ക്ക് തിലകക്കുറിയായി തലശ്ശേരി തലായി മത്സ്യബന്ധന തുറമുഖം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. തലായി, ഗോപാലപേട്ട, ന്യൂമാഹി, തലശ്ശേരി, ധര്‍മ്മടം, മുഴപ്പിലങ്ങാട് മത്സ്യബന്ധന ഗ്രാമങ്ങളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ചിരകാലാഭിലാഷമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമുള്ള ലാന്‍ഡിംഗ് സൗകര്യം, മത്സ്യവിപണന സംവിധാനം എന്നിവ ഹാര്‍ബറില്‍ ഒരുക്കിയിട്ടുണ്ട്. ഏതു കാലാവസ്ഥയിലും കടലിലേക്ക് പോവുന്നതിനും അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കരക്കടുക്കാനും ഉതകുന്ന രീതിയിലാണ് ഹാര്‍ബര്‍ നിര്‍മ്മിച്ചിട്ടുള്ളത്. 

കുടുതല്‍ തൊഴില്‍ദിനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനും മറ്റ് ഹാര്‍ബറുകളില്‍ പോകേണ്ടാത്തതിനാല്‍ ഇന്ധനച്ചെലവ് ലാഭിക്കുന്നതിനും കഴിയും. ബോട്ട് ഒന്നിന് അഞ്ച് ലിറ്റര്‍ ഇന്ധനലാഭവും 30 ദിവസത്തെ അധിക തൊഴില്‍ദിനവും ഉണ്ടാവുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 30 ദിവസത്തെ അധിക തൊഴില്‍ദിനം വഴി 45,000 പേര്‍ക്ക് നേരിട്ടും 2.25 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന സാഹചര്യമാണുള്ളത്.

28.61 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. 815 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍, 435 മീറ്റര്‍ നീളമുള്ള ലിവാഡ് ബ്രേക്ക് വാട്ടര്‍, 170 മീറ്റര്‍ നീളമുള്ള വാര്‍ഫ്, 470 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലേലപ്പുര, ഡ്രഡ്ജിംഗ് ഇന്‍േറണല്‍ റോഡ്, പാര്‍ക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെന്റിംഗ് ഷെഡ്, വര്‍ക്ക്‌ഷോപ്പ് കെട്ടിടം, കാന്റീന്‍, ഷോപ്പ്, റെസ്റ്റ് റൂം എന്നിവയാണ് ഹാര്‍ബറിലെ പ്രധാന ഘടകങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.